മായാവതിയും ജയലളിതയും ചന്ദ്രബാബു നായിഡുവും അടങ്ങുന്ന ഒരു മൂന്നാംമുന്നണിയെ പറ്റിയുള്ള ചിന്ത തന്നെ ഒരു അസംബന്ധ നാടകത്തെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് ചിലര്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. അധികാരത്തിന് വേണ്ടി ഒരു യുക്തിയുമില്ലാത്ത കൂട്ടുകെട്ടുകളാണ് കാരാട്ടും കൂട്ടരും ഉണ്ടാക്കുന്നതെന്ന് പാര്‍ട്ടിയിലെ യാഥാസ്ഥിതികര്‍ മുറുമുറുക്കുന്നുമുണ്ട്. തരം കിട്ടിയപ്പോഴൊക്കെ ബി.ജെ.പിയോടൊപ്പം കൂട്ടുകൂടിയവരെയെല്ലാം ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചിരിക്കുന്നതിന്‍റെ അനൌചിത്യം ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളില്‍ പുകയുമെന്ന് തീര്‍ച്ച.
പ്രകാശ് കാരാട്ടിന്‍റെ നേതൃത്വത്തില്‍ രാജ്യത്ത് ഒരു പുതു നേതൃനിര വരുന്നത് പുതിയൊരു ഇന്ത്യയുടെ തുടക്കമാകുമെന്ന് ‘പാര്‍ട്ടിയില്‍ കാറ്റും വെളിച്ചവും’ കടന്നുവരണമെന്ന് ആഗ്രഹിക്കുന്നവര്‍ കരുതുന്നു. അധികാരം കിട്ടിയാല്‍ ഇന്ത്യയെ വെട്ടിമുറിച്ച് വില്‍ക്കാനും കാശ് പോക്കറ്റിലാക്കാനും നടക്കുന്ന പരമ്പരാഗത പാര്‍ട്ടികള്‍ക്ക് ഒരു ബദല്‍ വയ്ക്കുകയാണ് പ്രകാശ് കാരാട്ട് ചെയ്യുന്നതെന്നും ഇതിനുവേണ്ടി പാര്‍ട്ടിയുടെ നയങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ തെറ്റൊന്നുമില്ലെന്നും ഇവര്‍ വാദിക്കുന്നു.
ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനുമെതിരെ അണിചേരുന്നവരുടെ സഖ്യത്തിന് രൂപം കൊടുത്ത് വരാന്‍ പോവുന്ന പൊതു തെരഞ്ഞെടുപ്പില്‍ വിപുലമായ രീതിയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടാനൊരുങ്ങുകയാണ് ഇടതുമുന്നണിയെന്ന് തീര്‍ച്ചയായിക്കഴിഞ്ഞു. ‘അധികാരം കൊയ്യണമാദ്യം നാം, അതിന് മേലാവട്ടെ പൊന്നാര്യന്‍’ എന്ന് ഇടശ്ശേരി പാടിയത് ദേശീയ തലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി. പാര്‍ട്ടിയുടെ ‘മായിക ജയ’ മോഹങ്ങള്‍ പൂവണിയുമോ എന്ന് ഒറ്റുനോക്കുകയാണ് രാഷ്ട്രീയഭാരതം.