ആത്മഹത്യാക്കുറിപ്പ് എഴുതിയത് ഹരിദത്തോ?

ജോണ്‍ കെ ഏലിയാസ്

Haridathu
WEBDUNIA|
PRO
PRO
പാലക്കാട്ടെ പുത്തൂരിലെ ഷീലാ നമ്പ്യാരെ (47) കൊന്ന കേസില്‍ കസ്റ്റഡിയില്‍ എടുക്കപ്പെട്ട സമ്പത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍‌‌പ്പെടെയുള്ളവര്‍ ചിത്രവധം ചെയ്ത് കൊന്ന കേസ് അന്വേഷിച്ചിരുന്ന സിബിഐ എഎസ്‌പി പിജി ഹരിദത്ത് ആത്മഹത്യ ചെയ്തത് വ്യക്തിപരമായ കാരണങ്ങളാലാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ഉന്നതങ്ങളില്‍ ശ്രമം എന്ന് അഭ്യൂഹം. ആത്മഹത്യാക്കുറിപ്പ് എഴുതിയത് ഹരിദത്ത് ആണോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്.

ഹരിദത്ത്‌ തന്നെയാണോ ആത്മഹത്യാക്കുറിപ്പ്‌ എഴുതിയതെന്നു വ്യക്തമായശേഷമേ എന്തെങ്കിലും നടപടി സ്വീകരിക്കൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനായി ആത്മഹത്യാക്കുറിപ്പും ഹരിദത്തിന്റെ യഥാര്‍ഥ കൈപ്പടയിലുള്ള കുറിപ്പുകളും ചേര്‍ത്തുവച്ച്‌ പരിശോധന നടത്തുന്നതിനായി തിരുവനന്തപുരം ഫോറന്‍സിക്‌ ലാബിലേക്ക്‌ അയക്കുമെത്രെ. ആത്മഹത്യാക്കുറിപ്പ്‌ ഇപ്പോള്‍ കോടതിയില്‍ നല്‍കിയിരിക്കുകയാണ്‌.

രണ്ട് സി ബി ഐ ഉദ്യോഗസ്ഥരാണ് തന്‍റെ ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ഹരിദത്തിന്‍റെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നത്. ഒരു ജഡ്ജിയെയും ഒരു അഭിഭാഷകനെയും കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. കേസ് അന്വേഷണ വേളയില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ഹരിദത്ത്. ഈ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ തനിക്ക് ജോലിയോ ചിലപ്പോള്‍ ജീവന്‍ പോലുമോ ഉണ്ടാകില്ലെന്ന് ഹരിദത്ത് ചില മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

എറണാകുളം ഞാറയ്ക്കലിലെ വീട്ടില്‍ വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ഹരിദത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമ്പത്ത് വധക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാനുള്ള സമയം അടുത്തുവരവെയാണ് ഹരിദത്തിന്‍റെ മരണം സംഭവിച്ചിരിക്കുന്നത്.

അടുത്ത പേജില്‍ വായിക്കുക ‘ഷീലാ നമ്പ്യാരെ സമ്പത്ത് വധിച്ചത് എങ്ങനെ, എന്തിന്?’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :