അഭിറാം മനോഹർ|
Last Modified ബുധന്‍, 1 ഡിസംബര്‍ 2021 (12:42 IST)
മിഷിഗണില്‍ ഹൈസ്‌കൂളില്‍ 15 വയസ്സുള്ള വിദ്യാര്‍ഥി വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്‌ചയാണ് സംഭവം. സംഭവത്തിന് ശേഷം അക്രമി പോലീസിൽ കീഴടങ്ങി. ഈ വര്‍ഷം ഇതുവരെ അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ സ്‌കൂള്‍ വെടിവയ്പാണിത്.
സ്കൂൾ ക്ലാസുകൾ നടക്കുന്നതിനിടെയാണ് അക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു അധ്യാപകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. 16 വയസുള്ള ആണ്‍കുട്ടിയും 14ഉം 17ഉം വയസുള്ള പെണ്‍കുട്ടികളുമാണ് മരിച്ചത്. വെടിവെച്ച പതിനഞ്ചുകാരനിൽ നിന്ന് ഒരു സെമി-ഓട്ടോമാറ്റിക് കൈത്തോക്ക് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.
1,800-ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലാണ് സംഭവം നടന്നത്. അഞ്ച് മിനിറ്റിനുള്ളിൽ അക്രമി 15-20 തവണ വെടിയുതിർത്തതായി പോലീസ് പറഞ്ഞു. 2021-ല്‍ മാത്രം അമേരിക്കയിലുടനീളമുള്ള സ്‌കൂളുകളില്‍ 138 വെടിവെപ്പുകള്‍ നടന്നതായാണ് പോലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
26 പേരാണ് വിവിധ സംഭവങ്ങളിൽ ഇത്തരത്തിൽ കൊല്ലപ്പെട്ടത്. രാജ്യത്തുടനീളം സാധാരണക്കാരുടെ ഉടമസ്ഥതയില്‍ 400 ദശലക്ഷം തോക്കുകള്‍ ഉണ്ടെന്നാണ് കണക്ക്.