മറഞ്ഞത് മലയാള സിനിമാ തറവാട്ടിലെ മുത്തച്ഛന്‍; ദേശാടനവും കല്യാണരാമനുമുള്‍പ്പടെ ഒട്ടേറെ ഹിറ്റുകള്‍

ജോണ്‍സി ഫെലിക്‍സ്| Last Modified ബുധന്‍, 20 ജനുവരി 2021 (19:22 IST)
മലയാള സിനിമാത്തറവാട്ടിലെ മുത്തച്ഛന്‍ ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി വിടവാങ്ങി. 97 വയസായിരുന്നു. കോവിഡ് ബാധിക്കുകയും അത് ഭേദമാവുകയും ചെയ്‌തത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ കോവിഡാനന്തര ശാരീരിക അസ്വസ്ഥതകള്‍ തുടരുകയും ബുധനാഴ്‌ച അദ്ദേഹം മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവാണ് ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി. ജയരാജ് സംവിധാനം ചെയ്‌ത ‘ദേശാടനം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയത്തിന് തുടക്കമിട്ടത്. ആ സിനിമ വലിയ ഹിറ്റായതോടെ ഈ മുത്തച്ഛനും ഹിറ്റായി.

ഒരാള്‍ മാത്രം, കളിയാട്ടം, കൈക്കുടന്ന നിലാവ്, മധുരനൊമ്പരക്കാറ്റ്, മേഘമല്‍‌ഹാര്‍, കല്യാണരാമന്‍, സദാനന്ദന്‍റെ സമയം, രാപ്പകല്‍, ഫോട്ടോഗ്രാഫര്‍, ലൌഡ് സ്പീക്കര്‍, നോട്ടുബുക്ക്, ഗര്‍ഷോം, അങ്ങനെ ഒരവധിക്കാലത്ത്, പോക്കിരിരാജ, മായാമോഹിനി തുടങ്ങി അനവധി ഹിറ്റ് സിനിമകളുടെ ഭാഗമായി ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി.

തമിഴ് ചിത്രങ്ങളായ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, പമ്മല്‍ കെ സംബന്ധം, ചന്ദ്രമുഖി തുടങ്ങിയവയിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.

എന്നാല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ഏറ്റവും ജനകീയമായ കഥാപാത്രം കല്യാണരാമനിലെ രസികനായ മുത്തച്ഛനായിരുന്നു. ആ സിനിമ വന്‍ ഹിറ്റായതില്‍ ഈ മുത്തച്ഛന്‍റെ പങ്കും വളരെ വലുതായിരുന്നു.

ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ അനുസ്‌മരിച്ചു. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഎമ്മിനോട് ആത്മബന്ധം പുലര്‍ത്തിയെന്നും പിണറായി ഓര്‍മ്മിച്ചു. അദ്ദേഹത്തിന്‍റെ വേര്‍പാട് കലാലോകത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :