ടിപിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് രണ്ടു വയസ്

കോഴിക്കോട്| VISHNU.NL| Last Modified ഞായര്‍, 4 മെയ് 2014 (13:43 IST)
ടിപി ചന്ദ്ര ശേഖരന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് രണ്ടു വയസ്. 2012 മെയ് നാലിന് രാത്രി വടകരയ്ക്കടുത്ത് വള്ളിക്കാട് വെച്ചാണ് ആര്‍എംപി നേതാവായ ടിപി ചന്ദ്രശേഖരന്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ക്വട്ടേന്‍ സംഘത്തിന്റെ 51 വെട്ടുകള്‍ അക്ഷരാര്‍ഥത്തില്‍ കേരളത്തിന്റെ മനസാക്ഷിയെ തന്നെയാണ്
മുറിവേല്‍പ്പിച്ചത്.

നിരോധനാജ്ഞയടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ക്കിടെ ആര്‍എംപിയുടെ ടിപി ചന്ദ്രശേഖരന്‍ അനുസ്മരണച്ചടങ്ങുകള്‍ ഓര്‍ക്കാട്ടേരിയില്‍ നടക്കും. 30ന് ഒഞ്ചിയം രക്തസാക്ഷി ദിനം മുതല്‍ ആരംഭിച്ച വിവിധ പരിപാടികളുടെ സമാപനമായിരിക്കും ടിപി അനുസ്മരണം.

ടിപിയുടെ വീട്ടിലും വൈകിട്ട് ഓര്‍ക്കാട്ടേരിയിലുമാണ് പരിപാടികള്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 28ന് പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനില്‍ക്കെ കനത്ത നിയന്ത്രണങ്ങള്‍ക്കിടയിലാണ് പരിപാടി. വടകര, എടച്ചേരി, ചോമ്പാല സ്‌റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്.

ടിപി രൂപം നല്‍കിയ ആര്‍എംപി കൂടി മത്സരിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെയാണ് അനുസ്മരണം എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ. വടകരയടക്കം 17 മണ്ഡലങ്ങളിലാണ് ആര്‍എംപി രൂപീകരിച്ച മുന്നണി ജനവിധി തേടിയത്.

കേരളത്തിലെ മാത്രമല്ല ദേശീയതലത്തില്‍ തന്നെ സിപി‌എമ്മിന് പ്രതിസന്ധി ഉയര്‍ത്തിയ സംഭവമായിരുന്നു ടിപി വധക്കേസ്. കേസില്‍ പാര്‍ട്ടികാര്‍ക്ക് ആര്‍ക്കും തന്നെ പങ്കില്ലെന്നും അഥവാ ഉണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നും സിപി‌എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു.

എന്നാല്‍ അന്വേഷണ സംഘം എംസി അനൂപ് , കൊടി സുനി, ട്രൗസര്‍ മനോജ്
തുടങ്ങി 12 പ്രതികളെ ഒന്നൊഴിയാതെ പിടികൂടിയതോടെ പ്രതിസന്ധിയിലായ പാര്‍ട്ടി കെസി രാമചന്ദ്രനനെ പുറത്താക്കിക്കൊണ്ട് മുഖം രക്ഷിക്കുകയായിരുന്നു.

കേസില്‍ സി.പി.എം. കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം
കെസി രാമചന്ദ്രനന്‍, പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തന്‍ തുടങ്ങിയവര്‍ കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ അന്വേഷണം അപൂര്‍ണ്ണമായിരുന്നുവെന്ന് ആരോപണമുയരുകയും ടിപിയുടെ വിധവ കെകെ രമ സെക്രട്ടെറിയേറ്റ് പടിക്കല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാ‍ര സമരം നടത്തുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം ഇതേ ആവശ്യമുന്നയിച്ച് വീണ്ടും സമരം നടത്താനാണ് ആര്‍എം‌പി തീരുമാനിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :