ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു; യുവതികൾ ദർശനത്തിനെത്തുമെന്ന് പ്രഖ്യാപനം, ശബരിമല വിഷയം വീണ്ടും സജീവമാകുന്നു

Last Modified ചൊവ്വ, 12 ഫെബ്രുവരി 2019 (14:25 IST)
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജിക്കളിൽ കോടതി വിധി തിരുത്തുമോ എന്ന കാത്തിരിപ്പിലാണ് ഇപ്പോൾ ആളുകൾ. എന്നാൽ കുംഭമാസ പൂജകളുടെ ഭാഗമായി ശബരിമല നട ചൊവ്വാഴ്ച തുറക്കുന്നതോടെ ശബരിമല സ്ത്രീ പ്രവേശനം വീണ്ടും സംസ്ഥാനത്ത് സജീവമാകും. യുവതികൾ ദർശനത്തിനെത്തും എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 3000 പൊലീസുകാരെ നിലക്കൽ മുതൽ സാന്നിധാനം വരെ വിന്യസിച്ചിരിക്കുകയാണ്.

ഫെബ്രുവരി ആറിനാണ് സുപ്രീം കോടതി സ്ത്രീ പ്രവേശനം അനുവദിച്ചച്ച വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചത്. 55 ഹർജികളിൽ പ്രധാന കക്ഷികളുടെ വാദം കോടതി കേൾക്കുകയും മറ്റുള്ളവരുടെ ഹർജികൾ എഴുതി നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.

എന്നാൽ കേസിൽ എപ്പോൾ അന്തിമ തീരുമാനം പറയും എന്ന കാര്യം കോടതി വ്യക്തമാക്കിയിട്ടില്ല. കോടതിയിൽ വാദം ഉന്നയിക്കാൻ അവസരം ലഭിക്കാത്ത കക്ഷികൾക്ക് വദങ്ങൾ എഴുതി നൽകാൻ 7 ദിവസമാണ് കോടതി സമയം നൽകിയിരിക്കുന്നത്. ഇത് ലഭിച്ചുകഴിഞ്ഞാൽ ഏതുനിമിഷവും കോടതിയുടെ അന്തിമ തീരുമാനം പ്രതീക്ഷിക്കാം.

അതായത് വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപായി തന്നെ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമോ എന്നതിൽ കോടതി വീണ്ടും നിലപാട് വ്യക്തമാക്കും. കോടതി പുനപ്പരിശൊധനാ ഹർജിയിൽ വിധി പറയുക രാഷ്ട്രീയ പാർട്ടികൾ ലോക്സഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്ന സമയത്താണ് എന്നത് വളരെ പ്രധാനമാണ്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ശബരിമല സ്ത്രീ പ്രവേശനം ഒരു നിർണായക
ഘടകമായി മാറും എന്നത് വ്യക്തമാണ്.

ശബരിമല സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവർക്ക് വനിതാ മതിൽ തീർത്ത് സർക്കാർ മറുപടി നൽകിയപ്പോൾ, അതേ നാണയത്തിൽ അയ്യപ്പ സംരക്ഷണ സദസിലെ ആൾബലം കാട്ടി ബി ജെപിയും തിരിച്ചടി നൽകി. എന്നാൽ ഇരു കക്ഷികൾക്കും ഈ അംഗബലത്തെ വോട്ടാക്കി മാറ്റാൻ സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം. അതിനുള്ള സാധ്യതകൾ വളരെ കുറവാണ് എന്നതുതന്നെയാണ് വാസ്തവം.

സി പി എമ്മിനും ബി ജെ പിക്കും ഈ തിരഞ്ഞെടുപ്പ് വളരെ
പ്രധാനമാണ്. ശബരിമല സ്ത്രീ പ്രവേശനം സർക്കാരിനെയോ ഇടതുപക്ഷത്തെയോ ബാധിച്ചിട്ടില്ല എന്ന് തെളീയിക്കേണ്ട രാഷ്ട്രീയ സാഹചര്യം ഇപ്പോൾ നിലവിൽ വന്നിരിക്കുന്നു. ബി ജെ പിക്കാവട്ടെ സംസ്ഥാനത്ത് നേട്ടങ്ങൾ ഉണ്ടാക്കാൻ ഏറ്റവും ഉത്തമമായ അവസരമാണ് ഇപ്പോഴുള്ളത് എന്നതാണ് വിലയിരുത്തൽ.

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള മുൻ വിധിയിൽ സുപ്രീം കോടതിയുടെ പുതിയ ഭരണഘടനാ ബെഞ്ച് മാറ്റം വരുത്താൻ സാധ്യത കുറവാണ് എന്നു തന്നെയാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എങ്കിലും വിധിയിൽ കോടതി എന്ത് മാറ്റങ്ങൾ വരുത്തിയാലും സി പി എമ്മിന് രാഷ്ട്രീയപരമായി അത് വലിയ നഷ്ടങ്ങൾ ഉണ്ടാക്കും.

ശബരിമലയിൽ മുൻ വിധിയിൽ സുപ്രീം കോടതി മാറ്റം വരുത്തിയാൽ ബി ജെ പിയും കോൺഗ്രസും തിരഞ്ഞെടുപ്പിൽ ഇത് സംസ്ഥാന സർക്കാരിനെതിരെ ആയുധമാക്കി ഉപയോഗിക്കും. ഇനി സ്ത്രീകൾക്ക് പ്രവേശിക്കാം എന്ന മുൻ വിധി തന്നെ സുപ്രീം കോടതി നിലനിർത്തിയാലും സംസ്ഥാനത്തിന് സാഹചര്യങ്ങൾ അത്ര നല്ലതാകില്ല.

രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ രക്ഷപ്പെടുമെങ്കിലും വലിയ പ്രതിഷേധങ്ങളും സമരങ്ങളും സാർക്കാർ നേരിടേണ്ടതായി വരും. സമരങ്ങളിൽ അക്രമങ്ങളോ പൊലീസ് നടപടിയോ ഉണ്ടായാലും വിധി പ്രതികൂലമാകുമ്പോഴുണ്ടാകുന്ന സാഹചര്യം തന്നെയാണ്
അപ്പോഴും ഉണ്ടാവുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :