Last Updated:
ചൊവ്വ, 9 ഏപ്രില്‍ 2019 (15:28 IST)
സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനം, മറ്റു സംസ്ഥാനങ്ങളുടെ മുൻപിൽ ഞങ്ങൾ ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്നവരാണെന്നും പ്രബുദ്ധരാണെന്നുമെല്ലാം വിളിച്ചുപറയും. ആവശ്യമുള്ള ഇടങ്ങളിലെല്ലാം ജാതിയെയും മതത്തെയും ഉപയോഗിക്കും അല്ലാത്ത ഇടങ്ങളിൽ ഉപേക്ഷിക്കും ഈ കാപട്യം അപകടകരമായ രീതിയിലേക്ക് മാറുകയാണ് കേരലത്തിൽ.
സ്വന്തം വീട്ടിൽ ജനിച്ച കുഞ്ഞ് കുടുംബത്തിന് ശാപമാണ് എന്ന് വിശ്വസിച്ച് പീഡിപ്പിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന നിലവാരത്തിൽ എത്തിയിരിക്കുന്നു മലയാളിയുടെ പ്രബുദ്ധത എന്നതാണ് വാസ്തവം. മലപ്പുറം കാളികാവിൽ മുത്തശ്ശിയുടെ ക്രൂര പീഡനത്തിന് ഇരയായ പെൺകുട്ടിയെ തങ്ങൾക്ക് തിരികെ വേണ്ടാ എന്ന് ഒരു കുടുംബം പറയുന്നത് നമ്മൾ കേട്ടു. സാമ്പത്തിക പരാധീനതയാണ് ഇതിന് കാരണമായി കുടുംബം പറയുന്നത്.
കുട്ടി കുടുംബത്തിന് ദോഷമാണെന്ന് ഏതൊ സിദ്ധൻ കുടൂംബത്തെ പറഞ്ഞു വിശ്വസിപ്പിച്ചതോടെയാണ് ഇവർ കുട്ടിയെ ഇരുട്ടു മുറിയിലിട്ട് പൂട്ടുകയും മർദ്ദിക്കുകയും, ഭക്ഷണം നൽകാതെ ക്രൂരത കാട്ടുകയും ചെയ്തത്. ഭക്ഷണം ലഭിക്കാതെ ക്ഷീണിച്ച് അവശയായ നിലയിലാണ്
ചൈൽഡ് ലൈൻ മൂന്ന് വയസുകാരിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് അന്തവിശ്വാസത്തിന്റെ പേരിൽ മുത്തശ്ശി പട്ടിക്കിട്ട് ഇരുട്ട് മുറിയിൽ പൂട്ടിയ നാലു കുട്ടികളെയും ഇവരുടെ മാതാവിനെയും ചൈൽഡ് ലൈൻ രക്ഷപ്പെടുത്തിയത്.
ഇതിൽ മറ്റു മൂന്ന് കുട്ടികളെയും മാതാവിനെയും ഏറ്റെടുക്കാൻ തയ്യാറാണ് എന്ന് കുടുംബം അറിയിക്കുകയും ചെയ്തു. മൂന്നു വയസുകാരിയായ പെൺകുട്ടിയെ മാത്രം കുടുംബത്തിന് വേണ്ട. മറ്റു മൂന്ന് കുഞ്ഞുങ്ങളെ വളർത്താൻ സാമ്പത്തിക പരാധീനതകൾ ഇല്ല പക്ഷേ സിദ്ധൻ ശാപം എന്ന് വിധിയെഴുതിയ കുട്ടിയെ വളർത്താൻ മാത്രം പണമില്ല. അന്ത വിശ്വാസങ്ങൾ സംസ്ഥാനത്ത് പൂർവാധികം കരുത്താർജ്ജിക്കുന്നു എന്നതിന്റെ സൂചനയാണ്. ഈ സംഭവം.