Last Modified ചൊവ്വ, 9 ഏപ്രില്‍ 2019 (14:42 IST)
ഡൽഹി: നടി അക്രമിക്കപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വിചാരണ തീരും വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സർക്കാർ സുപ്രിം കോടതിയിൽ. പ്രതി ഭാഗവുമായി ഇക്കാര്യത്തിൽ ധാരണയായതായും വിചാരണ കോടതിയെ ഇക്കാര്യം നാളെ തന്നെ അറിയിക്കും എന്നും സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. നടിയെ അക്രമിച്ച കേസിൽ കുറ്റം ചുമത്തുന്നത് ചെറുക്കണം എന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്
നടി അക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലായിരുന്നു. ഈ കേസിൽ തീരുമാനം ആകുന്നതു വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ല എന്ന് സർക്കാരും പ്രതിപക്ഷവും നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. ഈ നിലപാട് സർക്കാർ സുപ്രീം കോടതിയിൽ ആവർത്തിക്കുകയായിരുന്നു.
ധാരണയുടെ അടിസ്ഥാനത്തിൽ തൽക്കാലത്തേക്ക് കേസിന്റെ വിചാരണ നീട്ടിവക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ദിലീപിനെതിരെ കുറ്റം ചുമത്തുന്ന നടപടികളുമായി വിചാരണ കോടതി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ കേസിൽ കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് നൽകണം എന്ന ദിലീപിന്റെ ആവശ്യം വിജാരണ കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു.