ചുവപ്പ് നരച്ചാല്‍ കാവിയാകും, മഞ്ഞയില്‍ ചുവപ്പ് കലര്‍ന്നാലും കാവിയാകും

വിഷ്‌ണു എന്‍ എല്‍| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (16:23 IST)
കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത ചരിത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്. ഇടത് ചിന്തയുടെ മേച്ചില്‍പ്പുറവും പ്രായോഗിക കമ്യൂണിസത്തിന്റെ വിളനിലവുമായിരുന്നു കേരളം. എന്നാല്‍ അടുത്തിടെ സംഭവിക്കുന്ന കാര്യങ്ങള്‍ കേരളം തീവ്ര വലത് പക്ഷത്തേക്ക് ചുവട് മാറുന്നുണ്ടോ എന്ന സംശയം വല്ലാതെ ഉയര്‍ത്തുന്നു. എന്തുകൊണ്ട്? കേരളം സംഘപരിവാറിന്റെ കാവിക്കൊടിക്കീഴിലേക്ക് പതുക്കെ പതുക്കെ അടുക്കുന്നതിനു കാരണമെന്ത്? എന്തുകൊണ്ടാണ് കേരളത്തില്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ജാതി - മത അസ്വാരസ്യങ്ങള്‍ രഹസ്യമായും പരസ്യമായും വളരുകയും കൊഴുക്കുകയും ചെയ്യുന്നത്?

ഉത്തരം ലളിതം. തലക്കെട്ടില്‍ പറഞ്ഞതു പോലെ ചുവപ്പ് നരച്ചു തുടങ്ങിയിരിക്കുന്നു. ഇന്ത്യയില്‍ എവിടെയെല്ലാം സംഘപരിവാര്‍ പിടിമുറുക്കിയിട്ടുണ്ടോ അവിടെയെല്ലാം തകര്‍ന്നടിഞ്ഞത് ഇടത് ചിന്തകളായിരുന്നു, അവയുടെ സ്വാധീനമായിരുന്നു എന്ന് കാണം. ഇടതിന്റെ പരാജയമാണ് സംഘപരിവാര്‍ മുതലെടുത്തത്. വലതുചിന്തകളെ തളര്‍ത്തിയല്ല, പകരം ഇടതും വലതും കൂടിക്കലര്‍ന്നതാണെന്ന് തോന്നുമെങ്കിലും വൈകാരിക ഹിന്ദുയിസം പ്രാബല്യത്തില്‍ വരുത്തിയാണ് സംഘപരിവാര്‍ തളിര്‍ത്തത്, പൂത്തത്, ഇപ്പോള്‍ പലയിടത്തും വിഷവിത്തായ കായ്കള്‍ വിതറിക്കൊണ്ടിരിക്കുന്നതും.

ബംഗാള്‍, ഇപ്പോള്‍ കേരളവും

അതെ, കേരളവും താമരയ്ക്ക് വളക്കൂറുള്ള മണ്ണ് തന്നെയാണ്. എവിടെയാണ് കേരളത്തിലെ ഇടതിന് പ്രത്യേകിച്ച് സിപി‌എമ്മിന് ചുവട് പിഴച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എടുത്തുപറയത്തക്ക എന്ത് ജനകീയ, മതേതര ചിന്തകളാണ് ഇടതുപക്ഷം കേരളത്തില്‍ പ്രചരിപ്പിച്ചത്. ഇടതിന്റെ മതേതരത്വം ഇന്ന് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ആകപ്പാടെ ഇടതുപക്ഷം ഇന്ന് വിഭ്രാന്തിയിലാണ്. കുരങ്ങന്‍ സ്വതവേ വികൃതിയാണ്. അത്തരത്തിലുള്ള കുരങ്ങന്റെ വാലില്‍ തേള് കൂടി കടിച്ചാലോ? അതിന്റെ പരാക്രമം മറ്റൊരു തരത്തിലാകും. ഇനി ഇതേ കുരങ്ങന്‍ മദ്യപിക്കുക കൂടി ചെയ്താലോ? ചിന്തിക്കാനാകില്ല അല്ലേ.

സത്യത്തില്‍ തേള് കടിച്ച, മദ്യപിച്ച കുരങ്ങന്റെ വിക്രിയകളായിപ്പോയി ഇന്ന് സിപി‌എം പ്രവൃത്തികള്‍. സോളാര്‍ സമരം തൊട്ട് (അതിനു മുമ്പും) തുടങ്ങിയ തിരിച്ചടികള്‍ അരുവിക്കരയില്‍ എത്തിയതോടെ പൂര്‍ത്തിയായി എന്നു പറയാം. കൊഴിഞ്ഞുപോക്കും നിഷ്‌ക്രിയത്വവും പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റി. ഇപ്പോഴിതാ ഗുരുനിന്ദാ വിഷയവും. ശ്രീനാരായണ ദർശനങ്ങളെ ഇപ്പോഴത്തെ എസ്എൻഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനെപ്പോലെ അപമാനിച്ചവർ ഈ ലോകത്ത് മറ്റാരുണ്ടെന്ന് ഉറക്കെ ചോദിക്കാൻ നട്ടെല്ലുള്ള ആരുമില്ലേ ഇന്ന് ഇടതുപക്ഷത്തെ ഒരു പാര്‍ട്ടിയിലും? സത്യത്തില്‍ അവിടെയും ഇടതു പാര്‍ട്ടികളില്‍ ഐക്യമില്ലാതെ പോയി എന്നത് ദൌര്‍ഭാഗ്യകരമാണ്.

സത്യത്തിൽ ഗുരുദേവനെ കുരിശിൽ തറയ്ക്കുക തന്നെയല്ലേ വെള്ളാപ്പള്ളിയും കൂട്ടരും ചെയ്തു കൊണ്ടിരിക്കുന്നത്. ആ വിഷയം ചർച്ചയാക്കിയവർക്ക് പക്ഷേ, അഭിനന്ദനത്തിനു പകരം കൊടിയ വിമർശനമാണ് കിട്ടിയത്. സി പി എം എത്തിപ്പെട്ട നേതൃദാരിദ്ര്യത്തിന്റെ സൂചനയും ഇതിലുണ്ട്. ഒരു വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർക്ക് പിടികിട്ടുന്നില്ല.
ആശയ ദാരിദ്ര്യമല്ല പാര്‍ട്ടിയിലുള്ളത് ആശയം പ്രായോഗികതയിലെത്തിക്കാന്‍ കഴിയുന്ന നേതൃനിരയില്ല എന്നതാണ്.
സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായം പറഞ്ഞ് ലൈക്കുകളും ഷെയറുകളും കൂട്ടിച്ചേര്‍ത്ത് തങ്ങള്‍ ആരൊക്കെയോ ആണ് എന്ന് സ്വയം പ്രഖ്യാപിക്കുന്ന് അല്ലെങ്കില്‍ അങ്ങനെ പറയിപ്പിക്കുന്ന അഭിനവ നേതാക്കളാണ് ഇന്ന് പാര്‍ട്ടിയുടെ ശാപം.

സോഷ്യല്‍ മീഡിയയിലെ വൈറലായ അഭിപ്രായം, തനിക്ക് ജനപിന്തുണയുണ്ടെന്നുള്ള അര്‍ത്ഥമില്ലാത്ത അഭിമാനം, മേനി നടിച്ചു നടക്കുന്നവര്‍. ഇക്കൂട്ടത്തില്‍ ഓണക്കാലത്തെ ജൈവ പച്ചക്കറി വിപ്ലവം കണ്ടില്ലെന്ന് നടിക്കാനാകില്ല. എന്നാലോ, പാര്‍ട്ടി അടിസ്ഥാന ജനങ്ങളില്‍ നേടിയ ഈ സ്വാധീനവും സ്വീകാര്യതയും മഞ്ഞയില്‍ കാവി കലരുന്നതിനെക്കുറിച്ചാലോചിച്ച് വിളറിപിടിച്ച് സി പി ‌എം നശിപ്പിച്ചു.

അതിനിടെ എസ്‌ എന്‍ ഡി പിയെ തന്നെ കാവി മുക്കാന്‍ സംഘപരിവാര്‍ കച്ചകെട്ടിയിരിക്കുകയാണ്. സത്യത്തില്‍ സംഘപരിവാര്‍ ഉണ്ടാക്കുന്നത് ഒരു പുകമറ മാത്രമാണ്. ഈ പുകയില്‍ പെട്ട് ചുമച്ചുതുപ്പി, കണ്ണുകാണാതെ, തട്ടിമറിഞ്ഞ് താഴെ വീഴാതിരിക്കാന്‍ അസാമാന്യ മനക്കരുത്തു മാത്രം പോര. വിവാദങ്ങളെ നേരിടാന്‍ വ്യക്തമായ സംവാദ കേന്ദ്രങ്ങള്‍ ഉണ്ടാക്കുകയായിരുന്നു സി പി ‌എം ചെയ്യേണ്ടിയിരുന്നത്. അല്ലാതെ വിവാദങ്ങള്‍ക്ക് പകരം വിവാദങ്ങളെ ഉണ്ടാക്കുകയല്ലായിരുന്നു. സമര്‍ത്ഥമായി സി പി ‌എമ്മിനെ സംഘപരിവാര്‍ കുഴിയില്‍ ചാടിച്ചു എന്നുതന്നെ പറയേണ്ടി വരും. ഇതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എപ്പോഴും ചക്ക വീണ് മുയല്‍ ചാകില്ലെന്ന് പറഞ്ഞാലും പ്ലാവിന്റെ ചുവട്ടില്‍ കരുതലില്ലാതെ ഇരിക്കുന്ന മുയലുകളൊക്കെയും ചക്ക വീണ് ചാകാന്‍ വിധിക്കപ്പെട്ടവര്‍ തന്നെയാണ് എന്ന കാര്യം സി പി ‌എം മറന്നു പോയി.

കച്ചവടക്കാരന്റെ കൈയില്‍ കിട്ടിയ വാണിജ്യവസ്തു മാത്രമാണിന്ന്‍ എസ്‌ എന്‍ ഡി പി, കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ അതിന്റെ നേതൃത്വം. കച്ചവടമറിയുന്നവന്‍ എന്ത് വിലയില്ലാത്ത സാധനവും ഭംഗിയായി വിറ്റ് കാശാക്കും. അതുകൊണ്ടെന്താ, വെള്ളാപ്പള്ളിക്കിപ്പോള്‍ ജാതി പറയാതെ നില്‍ക്കാന്‍ വയ്യെന്നായി. ബാബറി മസ്ജിദ് തകർക്കാൻ സംഘപരിവാർ ശക്തികൾ അയോധ്യയിലേക്ക് മാർച്ച് ചെയ്യുമ്പോള്‍, രാമൻ ഞങ്ങളുടെ ദൈവമല്ല എന്ന്
നെഞ്ച് വിരിച്ച് ഉറക്കെ പറയാന്‍ ധൈര്യം കാട്ടിയ എം കെ രാഘവൻ പ്രവര്‍ത്തിച്ച സംഘടനായിരുന്നു എസ് എൻ ഡി പി. ഇന്ന് അതിന്റെ ഗതിയോ? ശേഷം കാര്യം ചിന്തനീയം തന്നെ.

ശ്രീബുദ്ധന്റെ നിറമെന്നു പറഞ്ഞ് ശ്രീനാരായണ ഗുരു സ്വീകരിച്ച മഞ്ഞനിറത്തെ കാവിയാക്കാൻ തന്നെയാണ് വെള്ളാപ്പള്ളിയുടെ പുറപ്പാട്. അതിനു സംഘപരിവാറും വെള്ളാപ്പള്ളിയും കലര്‍ത്തുന്നതോ ഇടതിന്റെ ചോരയും. ചുവപ്പ് നരച്ചാല്‍ മാത്രമല്ല മഞ്ഞയില്‍ ചുവപ്പ് കലര്‍ന്നാലും കാവിയാകും എന്ന് ആര്‍ക്കാണ് അറിയാത്തത്.
ഒരാളെ തോൽപ്പിക്കാനും ജയിപ്പിക്കാനും വെള്ളാപ്പള്ളിക്കോ എസ്‌ എന്‍ ഡി പിക്കോ കരുത്തില്ല താനും. പിന്നെ എന്തിനാണ് സി പി ‌എം പേടിക്കുന്നത്. നിങ്ങള്‍ എസ്‌ എന്‍ ഡി പിയേ അല്ല ജനങ്ങളേയാണ് പേടിക്കേണ്ടത്. ആശയങ്ങളുമായി ഇറങ്ങിച്ചെല്ലേണ്ടത് അവരിലേക്കാണ്. അല്ലെങ്കില്‍ സംഘപരിവാര്‍ കുഴിച്ചിരിക്കുന്ന അടുത്ത കുഴിയിലും സി പി ‌എം വീഴുക തന്നെ ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :