ന്യൂഡല്‍ഹി|
Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (16:50 IST)
കശ്‌മീരിലെ ഉറിയില്‍ ഭീകരര്‍ കൊന്നത് 18 ഇന്ത്യന്‍ സൈനികരെ. ഗുരുതരമായി പരുക്കേറ്റവര്‍ നിരവധിയാണ്. പാകിസ്ഥാന്‍ പിന്തുണയോടെയാണ് ഭീകരവാദികള്‍ ആക്രമിച്ചതെന്ന് ഇന്ത്യഉറച്ചു വിശ്വസിക്കുന്നു. ഇത് ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്ന് ഞായറാഴ്ച തന്നെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാനെതിരെ എങ്ങനെ തിരിച്ചടിക്കണമെന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സൌത്ത് ബ്ലോക്കിലെ വാര്‍റൂമില്‍ പ്രധാനമന്ത്രി ചെലവഴിച്ചത് രണ്ടു മണിക്കൂര്‍.
വാര്‍ റൂം ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത്ത് ഡോവല്‍, ആര്‍മി ചീഫ് ദല്‍ബീര്‍ സുഹാഗ്, എയര്‍ഫോഴ്സ് ചീഫ് അരുണ്‍ റാഹ, നേവല്‍ ചീഫ് സുനില്‍ ലാംബ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.
പാകിസ്ഥാന്റെ ‘ടെറര്‍ സോണു’കളുടെ പവര്‍ പോയിന്റ് പ്രസന്റേഷനും ക്ലേ മോഡല്‍സും പ്രധാനമന്ത്രിക്ക് മുമ്പില്‍ അവതരിപ്പിച്ചു. കൂടാതെ, ഭീകരരുടെ ഈ കേന്ദ്രങ്ങള്‍ എങ്ങനെ തകര്‍ക്കാം എന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നു.
ഉറി ഭീകരാക്രമണത്തിനെതിരെ തിരിച്ചടിക്കണമെന്നുള്ള ആവശ്യം സോഷ്യല്‍ മീഡിയയില്‍ എന്നതുപോലെ തന്നെ രാജ്യത്തിന്റെ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. പാകിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്നാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയ ആക്‌ടിവിസ്റ്റുകള്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയുടെ സ്ഥാനത്ത് യു എസ് ആയിരുന്നെങ്കില്‍ ഇതിനകം തിരിച്ചടിക്കുമായിരുന്നില്ലേ എന്നും
ഇന്ത്യ എന്തിനാണ് മടിച്ചു നില്‍ക്കുന്നതെന്നുമാണ് ഒരു വിഭാഗം ചോദിക്കുന്നത്. എന്നാല്‍, ഇത് യു എസ് അല്ല ഇന്ത്യയാണ് എന്നതാണ് മറുപടി നല്കാന്‍.
ഏതായാലും, ഉറി ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം പാകിസ്ഥാന്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ ഹൈക്കമ്മീഷണര്‍ അബ്‌ദുള്‍ ബാസിതിനോട് ആവശ്യപ്പെട്ടു. ഉറിയിലെ കരസേനാകേന്ദ്രം ആക്രമിച്ച ഭീകരര്‍ പാകിസ്ഥാനില്‍ നിന്ന് എത്തിയവരാണെന്നുള്ളതിന് തെളിവുകളും അദ്ദേഹം നിരത്തി.
അതേസമയം, കശ്‌മീരിലെ ഭീകരര്‍ക്കെതിരെ നീക്കം ശക്തമാക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഉറിയില്‍ മറുപടി നല്കാന്‍ വൈകുന്നത് രാഷ്‌ട്രീയപരമായ പല അനന്തരഫലങ്ങള്‍ക്കും കാരണമാകുമെന്ന് മോഡിക്ക് ഉറപ്പുണ്ട്. ആറുമാസം കൂടി കഴിഞ്ഞാല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 18 സൈനികര്‍ കശ്‌മീരില്‍ മരിച്ചുവീണപ്പോള്‍ പ്രധാനമന്ത്രി എന്തു ചെയ്തു എന്നത് ചോദ്യമായി ഉയരും. അതുകൊണ്ടു തന്നെ ഉറിയില്‍ വ്യക്തമായ ഒരു മറുപടി പാകിസ്ഥാന് നല്കേണ്ടത് മോഡിയുടെ രാഷ്‌ട്രീയപരമായ ആവശ്യം കൂടിയാണ്.
ആശയപരമായ സംവാദം ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയില്‍ ഉയര്‍ന്നു കഴിഞ്ഞു. ഇന്ത്യയ്ക്കെതിരെ കടുത്ത ആരോപണങ്ങളാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് യു എന്‍ പൊതുസഭയില്‍ നടത്തിയത്. കശ്‌മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും സ്വതന്ത്രാന്വേഷണം നടത്തണമെന്നു പറഞ്ഞ ഷെരീഫ് ഇക്കാര്യങ്ങള്‍ അന്വേഷിക്കാനായി യു എന്‍ വസ്തുതാന്വേഷണ സംഘത്തെ അയയ്ക്കണമെന്നും ആവശ്യപ്പെട്ടു. യുഎന്‍ പിന്തുണയോടെ കശ്‌മീരില്‍ ജനഹിതപരിശോധന നടത്തണമെന്നും കശ്‌മീരില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നുമായിരുന്നു പാകിസ്ഥാന്റെ മറ്റ് ആവശ്യങ്ങള്‍.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്‍ ഭീകരരാജ്യമാണെന്ന് ഇതിന് ഇന്ത്യ മറുപടി നല്കി.
ജനാധിപത്യം ഇല്ലാത്ത പാകിസ്ഥാനില്‍ സ്വന്തം ജനങ്ങള്‍ക്കുമേലാണ് അവര്‍
ഭീകരത പരീക്ഷിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു. ഭീകരപ്രവര്‍ത്തനം നടക്കുന്നത് പാക് സര്‍ക്കാരിന്റെ അനുവാദത്തോടെയാണെന്നും ഇന്ത്യ യു എന്നില്‍ കുറ്റപ്പെടുത്തി. ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി ഈനാം ഗംഭീര്‍ ആണ് മറുപടി നല്‌കിയത്.
പാകിസ്ഥാനെതിരെ ഇന്ത്യ കൈക്കൊള്ളാനുള്ള നടപടികള്‍
യു എന്‍ പൊതുസഭ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെയുള്ള തെളിവുകള്‍ വിദേശ സര്‍ക്കാരുകള്‍ക്ക് കൈമാറാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. ഇത് സര്‍ക്കാര്‍ നേരത്തെ തന്നെ പറഞ്ഞതാണ്.
കൂടാതെ ഇന്ത്യയ്ക്ക് റഷ്യ പിന്തുണ നല്കിയത് പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ സഹായിക്കും.
ജി - 20 ഉച്ചകോടിയിലും ആസിയാന്‍ ഉച്ചകോടിയിലും പാകിസ്ഥാന് എതിരെ നടപടി എടുത്ത ഇന്ത്യ വരുന്ന ആഴ്ചകളില്‍ ഗോവയില്‍ നടക്കാന്‍ പോകുന്ന ബ്രിക്സ് ഉച്ചകോടിയിലും പാകിസ്ഥാന് എതിരെ നിലപാട് കൈക്കൊണ്ടേക്കും.
പാകിസ്ഥാനികള്‍ക്ക് വിസ നല്കുന്നത് വെട്ടിച്ചുരുക്കിയേക്കും. ചികിത്സയ്ക്ക് അല്ലാതെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയിലേക്കുള്ള യാത്ര ബുദ്ധിമുട്ടാകും. എന്നാല്‍, അതിര്‍ത്തിയില്‍ എങ്ങനെയാണ് ഇന്ത്യ പാകിസ്ഥാനെ നേരിടുക എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.