Last Updated:
ബുധന്‍, 16 ജനുവരി 2019 (13:16 IST)
ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരെ സമരം നടത്തിയിരുന്നതും സ്ത്രീകളെ തടഞ്ഞിരുന്നതും മലയാളി സ്ത്രീകൾ ഉൾപ്പടെയുള്ള പ്രതിഷേധ സംഘങ്ങളായിരുന്നു എന്നതാണ് മുൻ ദിവസങ്ങളിൽ നാം കണ്ടിട്ടുള്ളത്. എന്ന് മാത്രമല്ല അന്യ സംസ്ഥാനങ്ങളിൽ നിന്നും ദർശനത്തിനായി സ്ത്രീകൾ എത്തുകയാണ് ചെയ്തിരുന്നത്.
എന്നാൽ ഇന്ന്
ശബരിമല ദർശനം നടത്താൻ എത്തിയ യുവതികൾക്ക് പ്രതിരോധം തീർത്തത് അന്യ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സംഘങ്ങളായിരുന്നു. അധികം മലയാളികൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. പേരിനുമാത്രം കുറച്ച് മലയാളികൾ. ഷനിലയും രേഷ്മയും ദർശനത്തിയതായി തിരിച്ചറിഞ്ഞ് ആദ്യം തടഞ്ഞതും പ്രതിരോധം തീർത്തതും അന്ധ്രയിനിന്നുമുള്ള സംഘമായിരുന്നു. പിന്നീടങ്ങോട്ട് വലിയ പ്രതിഷേധങ്ങളാണ് യുവതികൾക്ക് നേരിടേണ്ടി വന്നത്ത്.
സ്ഥിതി വഷളാവുകയാണ് എന്ന് കണ്ടതോടെ പൊലീസ് യുവതികളെ നിർബന്ധപുർവം തന്നെ തിരിച്ചിറക്കി. പൊലീസിന്റെ നടപടിയിൽ യുവതികൾ നിരാഹാര സമരം നടത്തുകയാണ്. പൊലീസ് സ്ത്രീകൾക്ക് സുരക്ഷ നൽകുന്നത് ചെറുക്കുന്നതിനായുള്ള ആസൂത്രിതമായ നീക്കമായാണ് അന്യ സംസ്ഥാനങ്ങളിലെ സംഘങ്ങളുടെ പ്രതിഷേധം എന്നാണ് കണക്കാക്കപ്പെടുന്നത്.
സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വരെ വിള്ളൽ വീഴ്ത്തുന്ന ഒരു സുരക്ഷാ പ്രശ്നമായി ശബരിമല വിഷയത്തെ വളർത്താനാകും എന്നതാണ് ഈ തന്ത്രത്തിന്റെ പ്രത്യേകത. അന്യ സംസ്ഥാന സംഘങ്ങളോട് സംസ്ഥാന പൊലീസിന് അത്ര കടുത്ത നിലപാട് സ്വീകരിക്കാൻ സാധിക്കില്ല. ഇതിന് പല കാരണങ്ങൾ ഉണ്ട്.
ശബരിമലയിൽ വച്ച് പൊലീസ് നടപടിയിൽ അന്യ സംസ്ഥാന തീർത്ഥാടക സംഘത്തിന് മർദ്ദനമേൽക്കുകയോ മറ്റു രൂക്ഷമായ നടപടികൾ നേരിടേണ്ടി വരുകയോ ചെയ്താൽ സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം വഷളാകും. അന്യ സംസ്ഥാന ഭക്തർക്ക് കേരളം സുരക്ഷിതമല്ല എന്ന എന്ന തരത്തിൽ
പ്രചരണങ്ങൾ ഉണ്ടാകും. എന്നുമാത്രമല്ല അന്യ സംസ്ഥാനങ്ങളിലെ മലയാളികളുടെ സുരക്ഷയെയും ഇത് സാരമായി തന്നെ ബാധിക്കും.
ഇക്കാര്യങ്ങൾ മുൻ നിർത്തി. ഈ പ്രതിഷേധങ്ങളെ ബലമായി നേരിട്ട് പൊലീസിന് സ്ത്രീകൾക്ക് സുരക്ഷ നൽകാനാകില്ല എന്നതാണ് വാസ്തവം. ഫലത്തിൽ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം വീണ്ടും തടയപ്പെടും. ഈ ആനുകൂല്യം മുതലെടുത്താണ് പതിവിൽനിന്നും വ്യത്യസ്തമായ ഒരു സമരരീതിയിലേക്ക് പ്രതിഷേധക്കാർ നീങ്ങിയത് എന്ന് കരുതേണ്ടി വരും.