എന്തുകൊണ്ട് മഹാബലിപുരം? മോദിയും ചൈനീസ് പ്രസിഡന്റും ഉച്ചകോടിക്കായി ചെന്നൈ തെരഞ്ഞെടുത്തത് എന്തിന് ?

ചെന്നൈ| നിത്യ കല്യാൺ| Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2019 (12:41 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സി ജിൻപിങ്ങും ഉച്ചകോടിക്കായി ചെന്നൈയിലെ മഹാബലിപുരം (മാമല്ലാപുരം എന്നും വിളിക്കുന്നു) തെരഞ്ഞെടുത്തതിന് പിന്നിലെ കാരണമെന്ത്? മഹാബലിപുരം ഒരു ടൂറിസ്റ്റു കേന്ദ്രം ആയതുകൊണ്ടാണോ അത് ഉച്ചകോടിയുടെ ഇടമായി മാറിയത്? ചൈനയിലെ വുഹാനിൽ നടന്ന ആദ്യ ഉച്ചകോടിയുടെ തുടർച്ചയായാണ് മഹാബലിപുരത്തെ ഉച്ചകോടി നടക്കുന്നത്. എന്നാൽ രാജ്യ തലസ്ഥാനമായ ഡൽഹിയിലോ മറ്റു സുപ്രധാന ഇടങ്ങളിലോ അല്ലാതെ ചെന്നൈയിൽ നിന്ന് അമ്പത് കിലോമീറ്റർ തെക്കുള്ള മഹാബലിപുരം ഉച്ചകോടിയുടെ വേദിയായതിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്.

ഇതിന് രണ്ട് കാരണങ്ങളാണ് പ്രധാനമായി നിരീക്ഷകർ കാണുന്നത്. തമിഴ്‌നാടിന് പ്രധാനമന്ത്രിയും ബി ജെ പിയും ഏറെ പ്രാധാന്യം കല്പിക്കുന്നുണ്ട് എന്ന സംസ്ഥാനത്തെ മറ്റ് ദ്രാവിഡ പാർട്ടികൾക്ക് സന്ദേശം നൽകുക. രണ്ടാമത്തേത്, ചെന്നൈക്കും
മഹാബലിപുരത്തിനും ചൈനയുമായുള്ള ചരിത്രപരമായ ബന്ധം. ഈസ്റ്റുകോസ്റ് റോഡിലാണ് മഹാബലിപുരം സ്ഥിതി ചെയ്യുന്നത്. പല്ലവ വംശത്തിന്റെ ഭരണകാലത്തെ മാമല്ലന്റെ സ്മരണകൾ ഉറങ്ങുന്ന ഇടമാണിത്. കലകളോടും ശില്പവിദ്യയോടും മാമല്ലനുണ്ടായിരുന്ന അടുപ്പത്തിന്റെ അടയാളങ്ങൾ ഇന്നും മഹാബലിപുരത്ത് ശേഷിക്കുന്നു. 2004ലെ സുനാമിയിൽ മഹാബലിപുരത്തിന്റെ ചരിത്രവും പാരമ്പര്യവും വിളിച്ചോതുന്ന കൂടുതൽ തെളിവുകൾ കണ്ടെടുക്കപ്പെട്ടിരുന്നു. 32 ചരിത്രസ്മാരകങ്ങളാണ് മഹാബലിപുരത്തിന്റെ നാല്
കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്നത്.

വ്യവസായത്തിലും പ്രതിരോധരംഗത്തും പല്ലവ രാജവംശത്തിന് ചൈനയുമായുണ്ടായിരുന്ന ബന്ധം വളരെ വലുതായിരുന്നു. ഒരു പല്ലവരാജാവിന്റെ മൂന്നാമത്തെ മകനായ ബോധിധർമ്മൻ എന്ന ബുദ്ധസന്യാസി അഞ്ചാം നൂറ്റാണ്ടിൽ ചൈനയിലേക്ക് പോകുകയും അവിടെ ചികിത്സയുടെയും ആയോധനകലയുടെയും പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ചൈനയുടെയും പേർഷ്യയുടെയും റോമിന്റെയും നാണയങ്ങൾ മഹാബലിപുരത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് മഹാബലിപുരത്തിന്റെ രാജ്യാന്തര വ്യവസായ ബന്ധങ്ങൾക്ക് തെളിവാണ്‌.

ചൈനീസ് യാത്രികനായിരുന്ന ഹ്യുയാൻ സാങ്ങും ഈ തുറമുഖ നഗരത്തെപ്പറ്റി പരാമര്ശിച്ചിട്ടുണ്ട്. ഈ ചരിത്രബന്ധങ്ങൾ കൂടാതെ ഉച്ചകോടി നടക്കുന്ന സ്ഥലത്തിനടുത്തതായി വലിയ റൺവേ ആവശ്യമായി വന്നതും ഇന്തോ - ചൈന ഉച്ചകോടിക്ക് മഹാബലിപുരം വേദിയായി തെരഞ്ഞെടുക്കപ്പെടാൻ കാരണമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :