എസ് ഹർഷ|
Last Updated:
വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (14:35 IST)
ഓണം സീസണിൽ പ്രക്ഷകരുടെ പൾസ് അറിഞ്ഞ് സിനിമയെടുക്കുന്നതിൽ മോഹൻലാലിന്റെ കഴിവ് അപാരം തന്നെ എന്ന് ഒന്നുകൂടെ തെളിയിക്കുന്ന സിനിമയാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. നന്മ നിറഞ്ഞ ഇട്ടിച്ചന്റെ കഥയാണ് പുതുമുഖരായ ജിബിയും ജോജുവും പറയുന്നത്.
വ്യാജ നിർമ്മിതിക്ക് പേര് കേട്ട ചൈനയിലാണ് മാണിക്കുന്നേൽ ഇട്ടിമാണി ജനിക്കുന്നത്. എന്നാൽ, തൃശൂരിലെ കുന്നംകുളമാണ് ഇട്ടിച്ചന്റെ സ്ഥലം. ഇട്ടിച്ചൻ തനി തങ്കമാണ്. മാണിക്കുന്നേൽ ഇട്ടിമാത്തൻ മകൻ ഇട്ടിമാണിയുടെ കഥയാണ് ചിത്രം പറയുന്നത്. പിന്നീട് കുന്നംകുളത്തേക്ക് എത്തുന്ന ഇട്ടിമാണിക്ക് അവിടെ ചൈനീസ് ഭക്ഷണങ്ങൾ തയ്യാറാക്കുന്ന കാറ്ററിംഗ് സർവ്വീസിന്റെ ബിസിനസ് ആണ്.
പള്ളി കമ്മിറ്റിയിലെ അംഗമായ ഇട്ടിമാണിയുടെ അവിവാഹിത ജീവിതവും പ്രണയവും സാമൂഹ്യ ജീവിതവുമാണ്
സിനിമ പറയുന്നത്.
ഒടുവിൽ അപ്രതീക്ഷിതമായി മറ്റൊരു സംഭവത്തെ സംവദിച്ച് കഥ മുന്നോട്ട് പോകുന്നതോടെ ട്രാക്ക് മാറുകയാണ്. ചെറിയ തമാശകളിൽ തുടങ്ങി ചെറിയ ചെറിയ കഥാപാത്രങ്ങൾക്ക് അതിന്റേതായ സ്ഥാനം നൽകി ഇട്ടിമാണിയുടെ ജീവിതത്തിന്റെ രസച്ചരടിൽ കോർത്ത ആദ്യപകുതിയും, കുടുംബ ബന്ധങ്ങളുടെ വൈകാരികമായ തലത്തിലേക്കും പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോയ രണ്ടാം പകുതിയും. അതാണ് സിനിമ. കുടുംബ പ്രേക്ഷകരെ കൈയ്യിലെടുക്കാൻ കഴിയുന്ന എല്ലാ ചേരുവകളും കൊണ്ട് നിറഞ്ഞ ചിത്രം.
സെക്കന്റ് ഹാഫ് ഒരിത്തിരി ലാഗ് ഫീൽ ചെയ്തു എങ്കിലും സിനിമ പറയാൻ ഉദ്ദേശിച്ച സന്ദേശം വളരെ മികച്ചതായിട്ടു തന്നെ അവതരിപ്പിച്ചു. ഡ്രാമ എന്ന
മോഹൻലാൽ ചിത്രവുമായി ചില സാമ്യങ്ങളൊക്കെ തോന്നിയേക്കാം. എന്നാലും സിനിമ രണ്ടാം പകുതി സംവദിച്ച വിഷയം ഇന്നത്തെ തലമുറ കണ്ടിരിക്കേണ്ട ഒന്ന് തന്നെ ആണ്. വാർദ്ധക്യത്തെ ഒരു മാറാ വ്യാധി ആയി കാണുന്ന ഇന്നത്തെ തലമുറ ചിന്തിക്കേണ്ട ഒരുപാട് കാര്യങ്ങൾ സിനിമ പറഞ്ഞുവെയ്ക്കുന്നുണ്ട്.
മോഹൻലാലിന്റെ സ്വതസിദ്ധമായ നർമ മാനറിസങ്ങൾ അപാരം ആയിരുന്നു. കോമഡിയും ഇമോഷൻ സീനുകളും ഗംഭീരമായി തന്നെ വർക്ക് ആയി. മോഹൻലാലിനൊപ്പം എടുത്തുപറയേണ്ടത് സിദ്ധിക്കിനെ ആണ്. ഓരോ സിനിമ കഴിയും തോറും തന്നിലെ ‘നല്ല നടനെ’ ഉരച്ചു മിനുക്കുകയാണ് സിദ്ദിഖ്.
അജു വർഗീസ്, ധർമജൻ, ഹരീഷ് കണാരൻ, കെ പി എ സി ലളിത തുടങ്ങി ചെറിയ റോളുകളിൽ എത്തിയവർ പോലും നല്ല പ്രകടനം ആയിരുന്നു. നായികയായി എത്തിയ ഹണി റോസും തന്റെ റോൾ മനോഹരമാക്കി. സിനിമ എഴുതി സംവിധാനം ചെയ്തത് ജിബി, ജോജു എന്നിവരാണ്. സംവിധാന മികവ് ഗംഭീരം തന്നെ. അഭിനന്ദിക്കേണ്ടത് തന്നെ. മോഹൻലാൽ എന്ന നടനെ മാക്സിമം ഉപയോഗിക്കാൻ സംവിധായകനു സാധിച്ചിട്ടുണ്ട്.
(റേറ്റിംഗ്:3.5/5)