മോഡിയുടെ മോടിയേറിയോ? കടമ്പകൾ അനവധി

ഇർഷിത ഹസൻ ലോപ്പസ്| Last Updated: വെള്ളി, 13 ജൂണ്‍ 2014 (16:03 IST)
രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രി നരേന്ദ്ര ദാമോദർ ദാസ് മോഡിയെന്ന 63 കാരന്റെ കരങ്ങളിൽ ഇന്ത്യയുടെ പ്രതീക്ഷ വാനോളമാണ്. 17 ദിവസം മാത്രം പ്രായമുള്ള ഒരു മന്ത്രിസഭ രാജ്യം ഭരിക്കുമ്പോൾ എന്തു വികസനമാണ് ദൃശ്യമായിരിക്കുന്നതെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞതാണ് ഉത്തരം: 'വികസനമെന്നത് ഒരു ദിവസം കൊണ്ട് മാത്രം സാധ്യമാകുന്ന ഒന്നല്ല. ഒരാഴ്ച കൊണ്ടോ മാസം കൊണ്ടോ മാറ്റങ്ങൾ പ്രാവർത്തികമാവില്ല. അതിന് സമയമെടുക്കും'.

മോഡിയുടെ മുമ്പിൽ പ്രതീക്ഷകളുടെ അനന്തസാധ്യതകൾ തുറക്കുമ്പോൾ തന്നെ കടമ്പകളും ഏറെയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിലക്കയറ്റം തന്നെയാണ്. ഡീസൽ മുതൽ പാചകവാതകം വരെ, ഉപ്പ് തൊട്ട് കർപ്പൂരം വരെ, വിലക്കയറ്റം ഒരു വെല്ലുവിളിയാണ്. ഒരു സാധാരണക്കാരനെ സംബന്ധിച്ച് ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളാണ് അവന്റെ കണ്ണിൽ ആദ്യം പതിക്കുക. അതിൽ അരിയുടെയും പച്ചക്കറിയുടെയും വില മുഖ്യമാണ്. ഭക്‌ഷ്യോൽപ്പാദനവും വിഭവസമാഹരണവും വിപണിയുമെല്ലാം ഇതിന് ശേഷമേ വരൂ, ഒരു ഭരണാധികാരിയെ സംബന്ധിച്ച് ഇവയാണ് മുഖ്യമെങ്കിൽ പോലും.

മോഡി സർക്കാരിന്റെ ആദ്യ രാജ്യാന്തര പ്രതിസന്ധിയായി വിലയിരുത്തുന്നത് ജെനീവയിലെ ലോകവാണിജ്യ സംഘടനയുടെ(ഡബ്യു ടി ഒ- വേൾഡ് ട്രേഡ് ഓർഗനൈസേഷൻ) ഉച്ചകോടിയാണ്. ഡബ്യു ടി ഒയിൽ നിന്ന് ഇന്ത്യക്കുള്ള ഭക്‌ഷ്യ സബ്സിഡിക്ക് സ്ഥിരമായ സംരക്ഷണം നൽകാനുള്ള തീരുമാനത്തെ പിന്തുണയ്ക്കാൻ അമേരിക്ക തയാറല്ലായെന്നത് യാഥാർഥ്യമാണ്. ഇതിനെ മറികടന്നാൽ ഒരു പരിധിവരെ അത് സർക്കാരിന് നൽകുന്ന പ്രതിച്ഛായ വളരെ വലുതാകും. ഇതിന് മോഡിയുടെ മുന്നിലുള്ള ഏക മാർഗം ബ്രിക്സിന്റെ പിന്തുണയാണ്(ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മ). ഇതിൽ ചൈനയുടെ പിന്തുണയ്ക്ക് ഏറെ പ്രാമുഖ്യമുണ്ട്. മോഡിയുമായുള്ള ചൈനയുടെ പുതിയ സൗഹൃദാന്തരീക്ഷം പ്രതീക്ഷയേകുന്ന ഒന്നാണ്. ജൂലായിൽ ബ്രസീൽ സന്ദർശനവേളയിൽ മോഡി ഉറപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം ബ്രിക്സ് രാജ്യങ്ങളുടെ പിന്തുണയാവും. ഇതിലൂടെ എതിർപ്പിനെ മറികടന്നാൽ കർഷകക്ഷേമം ഉറപ്പ് വരുത്താനും ഭക്ഷ്യസുരക്ഷ പ്രാവർത്തികമാക്കാനുമാവും.

അഴിമതിയാണ് ഇന്ത്യൻ രാഷ്ട്രധാരയിൽ മുന്നിട്ടു നിൽക്കുന്ന മറ്റൊരു വിഷയം. അഴിമതിയുടെ കറപുരളാത്ത ഭരണമാണ് മോഡിയുടെ വാഗ്ദാനങ്ങളിൽ പ്രധാനം. അതിന് അരക്കിട്ടുറപ്പിക്കുന്ന നടപടിയായിരുന്നു കള്ളപ്പണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ച ആദ്യ തീരുമാനം. എന്നാൽ മുൻ ബിജെപി സർക്കാർ അഴിമതി മുക്തമായിരുന്നില്ലായെന്നതും, മുൻ യു‌പിഎ സർക്കാരിന്റെ കാലത്തെ അഴിമതിയുടെ പാപക്കറകളും മോഡി സർക്കാരിനെയും പിന്തുടരാം. കാരണം അഴിമതിയെ തടയാൻ സർക്കാർ ഇനിയും ഏറെ മുന്നോട്ടു പോവേണ്ടതുണ്ട്.

മറ്റൊന്ന് സാമ്പത്തിക രംഗമാണ്. മോഡി സർക്കാർ അധികാരത്തിലേറിയതോടെ ഓഹരി വിപണിയിലുണ്ടായ ഉണർവും രൂപയുടെ മൂല്യവർധനയും പ്രതീക്ഷയേകുന്നതാണ്. വ്യാവസായികോല്‌പാദന മേഖലയിലെ മുരടിപ്പ്, ഉപഭോക്‌തൃ വിലപ്പെരുപ്പം തുടങ്ങി കടമ്പകൾ അനവധിയാണ്. ഇവയെ എല്ലാം മറികടക്കാനാവുന്ന ഒരു 'മോഡി മാജിക്' ആണ് ഇനി നടപ്പാവേണ്ടത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :