ഇന്ത്യന്‍ ട്രെയിനുകള്‍ കാലന്മാരോ? ട്രെയിനപകടങ്ങളില്‍ ഓരോവര്‍ഷവും പൊലിയുന്നത് 15,000 ജീവിതങ്ങള്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 5 ഓഗസ്റ്റ് 2015 (13:13 IST)
മചക് പാലത്തിന് മുകളിൽ ഒന്നിനുപിറകെ ഒന്നായി രണ്ട് ട്രെയിനുകൾ അപകടത്തിൽപ്പെട്ടതിനു പിന്നാലെ ട്രെയിന്‍ യാത്രയുടെ സുരക്ഷിതത്വം വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്.
2020 ഓടെ തീവണ്ടി അപകടങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനാണ് റെയില്‍വെ ലക്ഷ്യമിടുന്നത്. എന്നാല്‍ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ട്രെയിന്‍ അപകടങ്ങള്‍ യാത്രക്കാരെ സംബന്ധിച്ചിടത്തോളം ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

രാജ്യത്തെ ആദ്യ തീവണ്ടി ദുരന്തത്തിന് 125 വർഷത്തെ പഴക്കമുണ്ട്. നാഗ്പുരിനടുത്ത് ട്രെയിൻ പാളം തെ്റ്റി 10 പേർ മരിച്ചത് 1890 നവംബർ അഞ്ചിനാണ്. എന്നാല്‍ അന്നുതൊട്ടിന്നുവരെ കാലങ്ങളായി മനുഷ്യജീവിതങ്ങള്‍ ട്രെയിനുകളുടെ മരണവേഗതയില്‍ പൊലിഞ്ഞുതീര്‍ന്നു. തീവണ്ടികള്‍ പാളം തെറ്റിയും പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ചും ഓരോ വര്‍ഷവും രാജ്യത്ത് 15,000 ആളുകളാണ് ജീവന്‍ വെടിയുന്നത്. 2012 ല്‍ റെയില്‍വെ നിയോഗിച്ച ഉന്നതതല സമിതിയാണ് ഇത് കണ്ടെത്തിയത്.

ആളില്ലാത്ത ലെവല്‍ ക്രോസുകളും റെയില്‍വെ ജീവനക്കാര്‍ അടക്കമുള്ളവരുടെ അശ്രദ്ധമൂലവും ധാരാളം ആളുകള്‍ മരണപ്പെടുന്നു. ആളില്ലാത്ത ലെവല്‍ക്രോസുകളില്‍ തീവണ്ടിതട്ടി 194 പേരാണ് മരിച്ചത്. 80 ശതമാനം ട്രെയിന്‍ അപകടങ്ങളും റെയില്‍വെ ജീവനക്കാര്‍ അടക്കമുള്ളവരുടെ അശ്രദ്ധമൂലമാണ് ഉണ്ടാവുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2009 - 10 ല്‍ 165 തീവണ്ടി അപകടങ്ങളാണ് നടന്നത്. 2013 - 14 ഓടെ അപകടങ്ങളുടെയെണ്ണം 117 ആയി കുറഞ്ഞു. 2013 - 14 ല്‍ നടന്ന തീവണ്ടി അപകടങ്ങളില്‍ 52 എണ്ണം തീവണ്ടി പാളംതെറ്റിയാണ് ഉണ്ടായത്. ലെവല്‍ ക്രോസുകളില്‍ 51 അപകടങ്ങളുണ്ടായി. തീവണ്ടികള്‍ കൂട്ടിയിടിച്ച നാല് സംഭവങ്ങളും.

കഴിഞ്ഞവർഷം ഇന്ത്യയിലുണ്ടായ തീവണ്ടി അപകടങ്ങളിൽ 27,581 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. തീവണ്ടിയിൽ നിന്ന് വീണോ തീവണ്ടിയിടിച്ചോ 13,542 പേർ മരിച്ചതുൾപ്പെടെയാണിത്. ട്രെയിനുകൾ കൂട്ടിയിടിച്ച് 99 പേർ മരിച്ചപ്പോൾ പാളം തെറ്റി 59 പേരാണ് മരിച്ചത്. സ്‌ഫോടനങ്ങളിലും അഗ്‌നിബാധയിലും 32 പേർ മരിച്ചു.

1964 ഡിസംബർ 23-ന് രാമേശ്വരത്തെ ധനുഷ്‌കോടിയിലുണ്ടായ കൊടുങ്കാറ്റിൽ പാമ്പൻ പാലത്തിൽനിന്ന് ട്രെയിൻ കടലിലേക്ക് ഒഴുകിപ്പോയി 150 പേർ മരിച്ചു. കേരളത്തെ നടുക്കിയ തീവണ്ടി ദുരന്തങ്ങൾ കൊല്ലത്തിനടുത്ത് പെരുമണ്ണിലും കോഴിക്കോട് കടലുണ്ടിയിലും തലശേരിയിലുമാണ് ഉണ്ടായത്. 1988 ജൂലൈ എട്ടിന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽനിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്സ്‌പ്ര് പാളം തെറ്റി അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞ് 105 പേരാണ് മരിച്ചത്. 200-ലധികം പേർക്ക് പരിക്കേറ്റു. 2001 ജൂൺ 22ന് കോഴിക്കോട് കടലുണ്ടിയിൽ മദ്രാസ് മെയിൽ എക്സ്‌പ്രസിന്റെ മൂന്ന് ബോഗികൾ കടലുണ്ടി പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 52 പേർ മരിച്ചു. 222 പേർക്ക് പരിക്കേറ്റു.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ രാജ്യത്ത് അടുത്തിടെ നടന്ന പ്രധാന തീവണ്ടി അപകടങ്ങള്‍ ഇവയാണ്.
2010 മെയ് 28: പശ്ചിമ ബംഗാളിലെ പടിഞ്ഞാറന്‍ മിഡ്‌നാപുര്‍ ജില്ലയില്‍ ജ്ഞാനേശ്വരി എക്‌സ്പ്രസ് പാളംതെറ്റി 150 പേര്‍ മരിച്ചു. മാവോവാദികളുടെ അട്ടിമറി ആയിരുന്നു സംഭവത്തിന് പിന്നില്‍. 2010 ജൂലായ് 19: ഉത്തര്‍ഭംഗ എക്‌സ്പ്രസ് ബിര്‍ഭും ജില്ലയില്‍വച്ച് വനാചല്‍ എക്‌സ്പ്രസ്സില്‍ ഇടിച്ച് 66 പേര്‍ മരിച്ചു. 2010 ഒക്ടോബര്‍ 20: ഇന്‍ഡോര്‍ - ഗ്വാളിയോര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ബദാര്‍ബാസ് സ്റ്റേഷനില്‍വച്ച് ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ച് 24 പേര്‍ മരിച്ചു.

2011 ജൂലായ് 10: കല്‍ക്ക മെയില്‍ തീവണ്ടി മാല്‍വ സ്റ്റേഷന് സമീപം പാളംതെറ്റി 71 പേര്‍ മരിച്ചു. 2011 നവംബര്‍ 22: ജാര്‍ഖണ്ഡിലെ ഗിരിധിയില്‍ ഹൗറ - ഡറാഡൂണ്‍ എക്‌സ്പ്രസ്സിന് തീപ്പിടിച്ച് ഏഴുപേര്‍ വെന്തുമരിച്ചു. 2012 ജനവരി 11: ഡല്‍ഹിയിലേക്ക് പോയ ബ്രഹ്മപുത്ര എക്‌സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിലിടിച്ച് അഞ്ചുപേര്‍ മരിച്ചു.

2012 മെയ് 22: ബെഗളൂരുവിലേക്ക് പോയ ഹംപി എക്‌സപ്രസ് ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ ജില്ലയില്‍വച്ച് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ച് 25 പേര്‍ മരിച്ചു. 2012 മെയ് 31: ഹൗറ - ഡറാഡൂണ്‍ എക്‌സപ്രസ് ജവാന്‍പൂരിന് സമീപം പാളംതെറ്റി ഏഴുപേര്‍ മരിച്ചു. 2012 ജൂണ്‍ 30: ആന്ധ്രാപ്രദേശിലെ നെല്ലൂരിന് അടുത്തുവച്ച് ന്യൂഡല്‍ഹി - ചെന്നൈ തമിഴ്‌നാട് എക്‌സ്പ്രസ്സിന് തീപ്പിടിച്ച് 35 പേര്‍ മരിച്ചു.

2013 ആഗസ്ത് 19: ബിഹാറിലെ ഖഗാരിയ ജില്ലയില്‍ പാസഞ്ചര്‍ തീവണ്ടിതട്ടി റെയില്‍വെ ട്രാക്കില്‍നിന്ന സ്ത്രീകളും കുട്ടികളുമടക്കം 37 തീര്‍ഥാടകര്‍ മരിച്ചു. 2013 നവംബര്‍ 2: ആന്ധ്രാപ്രദേശിലെ ഗോട്‌ലാം റെയില്‍വെ സ്‌റ്റേഷനില്‍ റായ്ഗഡ് - വിജയവാഡ റെയിനിടിച്ച് എട്ടുപേര്‍ മരിച്ചു. 2013 ഡിസംബര്‍ 28: ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിക്ക് സമീപം ബെംഗളൂരു - നന്ദാദ് എക്‌സ്പ്രസ്സിന് തീപ്പിടിച്ച് 26 പേര്‍ മരിച്ചു.

2014 ജനവരി 8: ബാന്ദ്ര - ഡറാഡൂണ്‍ എക്‌സ്പ്രസ്സിന്റെ മൂന്ന് സ്ലീപ്പര്‍ കോച്ചുകള്‍ക്ക് തീപ്പിടിച്ച് ഒന്‍പതുപേര്‍ മരിച്ചു. 2014 ഫിബ്രവരി 17: നിസാമുദീന്‍ - എറണാകുളം മംഗള ലക്ഷ്വദ്വീപ് എക്‌സ്പ്രസ് നാസിക്കില്‍ പാളംതെറ്റി മൂന്നുപേര്‍ മരിച്ചു. 2014 മെയ് 4: മഹാരാഷ്ട്രെയിലെ റായ്ഗഡ് ജില്ലയില്‍ പാസഞ്ചര്‍ തീവണ്ടിയുടെ ആറ് ബോഗികള്‍ പാളംതെറ്റി 18 പേര്‍ മരിച്ചു. 2014 മെയ് 26: ഉത്തര്‍പ്രദേശിലെ ശാന്ത് കബീര്‍ നഗര്‍ ജില്ലയില്‍ ഗോരഖ്ധാം എക്‌സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിലിടിച്ച് 22 പേര്‍ മരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :