വാനാക്രൈ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടണോ ? എങ്കില്‍ ഇതൊന്നു ശ്രദ്ധിച്ചോളൂ !

വാനാക്രൈ റാൻസം വൈറസിന്റെ ആക്രമണത്തിൽ നിന്ന് സ്വയം എങ്ങനെ രക്ഷനേടാം

Cyber attack, WannaCry ransomware, computer, Cyber, വാനാക്രൈ, കമ്പ്യൂട്ടര്‍ പ്രോഗ്രാം, വിൻഡോസ്, സൈബര്‍ ആക്രമണം
സജിത്ത്| Last Updated: വ്യാഴം, 18 മെയ് 2017 (11:57 IST)
ലോകം മുഴുവൻ വാനാക്രൈ റാൻസം വൈറസിന്റെ ആക്രമണം ഭയന്നു കഴിയുന്ന അവസ്ഥയാണ് നിലവിലുള്ളത്. യുഎസ് ആസ്ഥാനമായുള്ള ഫെഡക്സ് കൊറിയര്‍ സര്‍വീസ്, സ്പെയിന്‍, പോര്‍ച്ചുഗല്‍, അർജന്റീന എന്നീ
രാജ്യങ്ങളിലെ മൊബൈല്‍ കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെല്ലാം വന്‍ തോതിലുള്ള ആക്രമണമാണ് നടന്നിരിക്കുന്നത്. ആക്രമണത്തെ തുടര്‍ന്ന് നഷ്ടമായ കംപ്യൂട്ടർ ഫയലുകൾ തിരികെ ലഭിക്കാൻ 19,000 മുതൽ 38,000 രൂപവരെയാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത്. കുടാതെ ഡിജിറ്റൽ പണമായ ബിറ്റ്കോയിനും അവര്‍ ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം വാനാക്രൈ സൈബര്‍ ആക്രമണത്തിന്റെ ഉറവിടം ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയാണെന്ന സംശയവും ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതിനെതിരെയുള്ള പല തെളിവുകളും കണ്ടെത്തിയിരിക്കുകയാണ്. ലോകത്തുട നീളമായി 150 രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് കംപ്യൂട്ടറുകളെ തകര്‍ത്ത മാല്‍വേറിന്റെ ചില ആദ്യകാല പതിപ്പുകള്‍ ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ ഹാക്കര്‍മാരായ ലാസാറസിന്റെ സൃഷ്ടിയാണെന്ന സംശയത്തിനാസ്പദമായ തെളുവുകളാണ് ലഭിച്ചിരിക്കുന്നത്. ഹാക്കര്‍മാരുടെ വെബ്‌സൈറ്റില്‍ വാനാക്രൈയുടെ ആദ്യ കാല പതിപ്പുകള്‍ എന്ന് സംശയിക്കുന്ന ചില മാല്‍വേയറുകളുടെ ലിങ്കുകള്‍ കിട്ടിയിട്ടുണ്ട്.

ഇത്തരം സൈബർ അക്രമണങ്ങളിൽനിന്നും രക്ഷപെടാൻ പലതരത്തിലുള്ള മാര്‍ഗങ്ങളും നമുക്ക് സ്വീകരിക്കാവുന്നതാണ്. ഓപ്പറേറ്റിങ് സിസ്റ്റം അടിക്കടി അപ്ഡേറ്റ് ചെയ്യുന്നത് നല്ലതാണ്. ആന്റി വൈറസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക മാത്രമല്ല, അവ കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും വേണം. അപരിചിതമായ ഇമെയിലുകൾ ഒരു കാരണവശാലും തുറക്കരുത്. കഴിവതും സോഫ്റ്റ്‌വെയറുകളുടെ വ്യാജ പകർപ്പ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കംപ്യൂട്ടർ വാങ്ങുന്ന സമയത്ത് സോഫ്‌‌റ്റ്‌വെയർ കൂടി പണം നൽകി വാങ്ങുകയും ഫയലുകൾ ബാക്കപ് ചെയ്തു വെക്കുന്നത് ശീലമാക്കുകയും ചെയ്യുക∙

കമ്പ്യൂട്ടറില്‍ വൈറസ് ബാധയുണ്ടെന്നറിഞ്ഞാല്‍ ഇൻക്രിപ്റ്റ് ചെയ്ത ഫയലുകൾ ഡീക്രിപ്റ്റ് ചെയ്തു വീണ്ടെടുക്കാനുള്ള മാർഗം തെളിയും വരെ കാത്തിരിക്കുന്നത് ഏറ്റവും ഉചിതമാണ്. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നതിലൂടെയും സൈബർ അക്രമണങ്ങളിൽനിന്നും രക്ഷപെടാവുന്നതാണ്. ഒരു കമ്പ്യൂട്ടറിൽ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കൂടെ ലിനക്സും ലോഡ് ചെയ്യാൻ സാധിക്കും. വിൻഡോസിനേക്കാളും ഒരുപടിമുകളിലാണ് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം. ലോകത്തുള്ള ഒട്ടുമിക്ക സൂപ്പർകമ്പ്യൂട്ടറുകളും ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നതും ഓര്‍ക്കേണ്ട കാര്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :