ലക്ഷ്‌മി എസ്.|
Last Modified ബുധന്‍, 13 നവംബര്‍ 2019 (19:26 IST)
ലോകം കണ്ടിട്ടുള്ള മഹത് വ്യക്തികളിലൊരാളാണ് ജവഹര്‍ലാല്‍ നെഹ്രു. അദ്ദേഹം 1889 നവംബര്‍ 14ന് ഉത്തര്‍പ്രദേശില്‍ അലഹബാദിലാണ് ജനിച്ചത്. പ്രശസ്തനായ അഭിഭാഷകനും രാഷ്ട്രീയ നേതാവുമായ പണ്ഡിറ്റ് മോട്ടിലാല്‍ നെഹ്രുവിന്‍റെ ഏക പുത്രനായിരുന്നു അദ്ദേഹം.
വീട്ടില്‍വച്ച് ശൈശവ വിദ്യാഭ്യാസം കഴിഞ്ഞശേഷം പതിനഞ്ചാം വയസ്സില്‍ ഇംഗ്ളണ്ടില്‍ സ്കൂള്‍ വിദ്യാഭ്യാസം നടത്തി. കേം ബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്ന് ഉന്നത ബിരുദവും ബാരിസ്റ്റര്‍ ബിരുദവും നേടി. അദ്ദേഹം അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ഔദ്യോഗികജീവിതമാംരഭിച്ചു.
ഭാരതത്തിലെ സ്വാതന്ത്ര്യമില്ലായ്മയും മറ്റ് കഷ്ടതകളും മനസ്സിലാക്കിയ അദ്ദേഹം ജോലി ഉപേക്ഷിച്ച് രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിന് വേണ്ടി പ്രയത്‌നിച്ചു. സ്വാതന്ത്ര്യസമരം നയിച്ച നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് പല പ്രാവശ്യം ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. ഗാന്ധിജിയുടെയും എല്ലാ ഇന്ത്യക്കാരുടെയും ആഗ്രഹമനുസരിച്ച് അദ്ദേഹം സ്വതന്ത്രഭാരതത്തിന്‍റെ പ്രധാനമന്ത്രിയായി.
സമാധാനപ്രിയനായ ഒരു ഉന്നത ഭരണാധികാരി എന്നാണ് ലോകമൊട്ടൊക്കും അറിയപ്പെട്ടത്. വളരെയധികം കൃത്യനിഷ്ഠ പുലര്‍ത്തിയിരുന്ന അദ്ദേഹം നല്ലൊരു ആതിഥേയന്‍ ആയിരുന്നു. അദ്ദേഹം കുട്ടികളോട് സംസാരിക്കുകയും പൂക്കള്‍ സമ്മാനിക്കുകയും അവരോടൊപ്പം കളിക്കുകയും ചെയ്തിരുന്നു.
കുട്ടികള്‍ക്കും അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നു. അവര്‍ അദ്ദേഹത്തെ "ചാച്ച' എന്ന് സ്നേഹപൂര്‍വ്വം വിളിച്ചു. എത്ര തിരക്കുണ്ടായിരുന്നാലും കുട്ടികളുടെ ആഘോഷങ്ങളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു.
ശിശുദിനം എന്നാണ് നെഹ്റു വിന്‍റെ ജന്മദിനം അറിയപ്പെടുന്നത്. ഇന്ത്യയിലെമ്പാടും ഈ ദിനം വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. അദ്ദേഹത്തിന് കുട്ടികളോടുള്ള വാത്സല്യത്തിന്‍റെ പ്രതീകമാണ് നെഹ്രുവിന്‍റെ സ്മാരകമായ ഡല്‍ഹിയിലെ ശാന്തിവനം.
അദ്ദേഹം പ്രകൃതിയേയും അതിന്‍റെ മനോഹാരിതയെയും ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹം പക്ഷികളോടും മൃഗങ്ങളോടും സമയം ചിലവഴിക്കുക പതിവായിരുന്നു.
ദയാശീലനും ധീരനുമായിരുന്നു ജവഹര്‍ ലാല്‍ നെഹ്റു. ഇന്ത്യയുടെ നന്മയ്ക്കുവേണ്ടി വളരെയധികം കഷ്ടതകള്‍ അനുഭവിക്കുകയും തന്‍റെ ജീവിതാവസാനം വരെ ഇന്ത്യയുടെ പുരോഗതിക്കായി പ്രയത്‌നിക്കുകയും ചെയ്ത മഹത് വ്യക്തിയാണ് ജവഹര്‍ലാല്‍ നെഹ്രു.