പത്തനംതിട്ട|
ജിബിന്‍ ജോര്‍ജ്|
Last Updated:
തിങ്കള്‍, 21 ജനുവരി 2019 (17:45 IST)
ആദ്യം ഇരുകൈയും നീട്ടി സ്വീകരിച്ചു, പിന്നീട് തള്ളിപ്പറഞ്ഞു.
ശബരിമല യുവതീപ്രവേശന ഉത്തരവില്‍ ബിജെപിയുടെ നയം ഇങ്ങനെയായിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം അഴിച്ചു വിടുകയും അതോടെ ചുവടുറപ്പിക്കുകയുമായിരുന്നു രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അജണ്ട.
ശബരിമല വിഷയത്തെ മറ്റൊരു ‘അയോധ്യ’ ആയി കാണാനായിരുന്നു ബിജെപി നേതൃത്വം ശ്രമിച്ചത്. സുപ്രീംകോടതി ഉത്തരവിനെ വഴിതിരിച്ചുവിട്ട് സര്‍ക്കാരിനെ അടിക്കാനുള്ള ആയുധമാക്കാന്‍ അവര്‍ക്ക് സാധിച്ചു. ഈ നീക്കത്തിന്റെ പ്രതിഫലനം ദേശീയ തലത്തിലും അലയടിച്ചു. ശബരിമലയില്‍ സ്‌ത്രീകളെ കയറ്റാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ഭക്തരെ പൊലീസിനെ ഉപയോഗിച്ച് ആക്രമിക്കുന്നുവെന്നുമുള്ള പ്രചാരണം രാജ്യമാകെ പ്രചരിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.
വരാനിരിക്കുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഈ പ്രചാരണത്തില്‍ ആദ്യഘട്ടത്തില്‍ ബിജെപി നേട്ടം കൊയ്‌തപ്പോള്‍ കാഴ്‌ചക്കാരുടെ റോളിലായിരുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം. വിഷയത്തില്‍ ബിജെപിയും സിപിഎമ്മും നേര്‍ക്കുനേര്‍ നിന്നതോടെ ആ കുത്തൊഴുക്കില്‍ ഒഴുകി പോകുമെന്ന ഭയത്തിലാണ് യുഡിഎഫ് പ്രതിഷേധവുമായി രംഗത്തുവന്നത്.
സര്‍ക്കാരിനെ വിമര്‍ശിച്ച പ്രതിപക്ഷത്തിന്റെ പല നിലപാടുകളും ബിജെപിക്ക് കുട പിടിക്കുന്നതായിരുന്നു. പറഞ്ഞത് പലതവണ മാറ്റി പറയേണ്ടി വന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക്. മണ്ഡലകാലമായതോടെ സാഹചര്യം മാറി മറിഞ്ഞു.
ശബരിമല യുവതീപ്രവേശത്തിനെതിരെ ഇനി പ്രതീകാത്മക സമരമായിരിക്കും നടത്തുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിള്ള വ്യക്തമാക്കിയത് തിരിച്ചടി ഭയന്നാണ്. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലെ സമരങ്ങള്‍ ഉപേക്ഷിച്ച് സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങളാണ് ഇനി നടത്തുന്നതെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രവര്‍ത്തകര്‍ പോലും മുഖവിലയ്‌ക്കെടുക്കിന്നില്ല.
വിഷയത്തില്‍ പൊതുസമൂഹത്തിനുണ്ടായിരുന്ന എതിര്‍പ്പ് മാറി വന്നതും സര്‍ക്കാര്‍ നിലപാടുകള്‍ക്ക് സ്വീകാര്യത വര്‍ദ്ധിച്ചതുമാണ് ഇതിനു കാരണം. പ്രക്ഷോഭം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ബിജെപിയുടെ നീക്കങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയായിരുന്നു.
ശബരിമലയിലേക്ക് യുവതികള്‍ എത്താന്‍ മടിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധവുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം വിലയിരുത്തുന്നുണ്ട്. ചിത്തിര ആട്ട വിശേഷ ദിവസം ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ പൊലീസ് നടപടികള്‍ ശക്തമാക്കുന്നുണ്ട്. ഹിന്ദു ഐക്യവേദി സംസ്ഥാനഅധ്യക്ഷ കെപി
ശശികലയെ പൊലീസ് തടഞ്ഞതും ശോഭാ സുരേന്ദ്രനെതിരെ കേസ് എടുത്തതും നേതൃത്വത്തെ പിടിച്ചു കുലുക്കി.
സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ നിലപാടുകള്‍ തിരിച്ചടിയായെന്നും പാര്‍ട്ടിയില്‍ വിലയിരുത്തലുകളുണ്ട്. കോഴിക്കോട്ട് യുവമോര്‍ച്ച യോഗത്തെ അഭിസംബോധന അദ്ദേഹം നടത്തിയ വീഡിയോ പുറത്തുവന്നതിനു പിന്നാലെ സന്നിധാനത്ത് സ്‌ത്രീകള്‍ പ്രവേശിക്കുന്നതിനെയല്ല, കമ്മ്യൂണിസത്തെയാണ് എതിര്‍ക്കുന്നതെന്നുമുള്ള അധ്യക്ഷന്റെ വാക്കുകളും തിരിച്ചടിയുണ്ടാക്കി.
നടയടക്കുമെന്ന പ്രഖ്യാപനത്തിന് മുമ്പ് തന്ത്രി തന്നെ വിളിച്ചുവെന്ന് വ്യക്തമാക്കുകയും പിന്നീട് മാറ്റി പറയുകയും ചെയ്‌ത സംഭവവും
പാര്‍ട്ടിക്ക് നാണക്കേടായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്‌ണന്‍
ഇറക്കിയ സര്‍ക്കുലര്‍ പാര്‍ട്ടിയില്‍ നിന്നും ചോര്‍ന്നതതിനു പിന്നാലെ ഹൈക്കോടതി എതിര്‍പ്പ് അറിയിച്ചതും പ്രവര്‍ത്തകരില്‍ അമര്‍ഷമുണ്ടാക്കി.
പ്രവര്‍ത്തകരെ പൊലീസിന് വിട്ടു നല്‍കി പാര്‍ട്ടി അധ്യക്ഷന്‍ മാറി നില്‍ക്കുകയാണെന്നുമുള്ള സംസാരവുണ്ട്. സുരേന്ദ്രന്റെ അറസ്‌റ്റിനു പിന്നാലെ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്‌ണന്‍ എത്തിയപ്പോള്‍ ശ്രീധരന്‍ പിള്ള ശബരിമലയിലേക്ക് വരാതിരുന്നതും എസ്‌പി യതീഷ് ചന്ദ്ര മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെച്ച് മന്ത്രിക്ക് നിര്‍ദേശം നല്‍കിയ സംഭവത്തില്‍ വിരല്‍ പോലുമനക്കാന്‍ സംസ്ഥാന അധ്യക്ഷന് സാധിച്ചില്ലെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് പ്രത്യക്ഷ സമരത്തില്‍ നിന്നും പിന്മാറാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. ആലോചനകള്‍ ഇല്ലാതെ സ്വീകരിച്ച നയങ്ങളും ശ്രീധരന്‍ പിള്ളയുടെ നിലപാടുകളുമാണ് നേട്ടമുണ്ടാക്കുമെന്ന് തോന്നിപ്പിച്ച ശബരിമല വിഷയത്തില്‍ ബിജെപിയെ പിന്നോട്ടടിപ്പിച്ചത്.