തിരുവനന്തപുരം|
BIJU|
Last Modified തിങ്കള്‍, 31 ഡിസംബര്‍ 2018 (10:46 IST)
തെരഞ്ഞെടുപ്പ് തോല്‍വിയറിയാത്ത കോണ്‍ഗ്രസ് നേതാവാണ് അടൂര്‍ പ്രകാശ്. ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിനെ തോല്‍പ്പിച്ചാണ് അടൂര്‍ പ്രകാശ് കോന്നി നിയമസഭാമണ്ഡലത്തില്‍ വിജയത്തുടക്കം കുറിക്കുന്നത്. അന്നുതൊട്ട് ഇന്നുവരെ അടൂര്‍ പ്രകാശാണ് കോന്നിയുടെ എം എല്‍ എ.
എന്നാല്‍ ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങുമെന്നാണ് സൂചന. രണ്ടുതവണ ആറ്റിങ്ങലിലെ ജനങ്ങള്‍ എം പിയാക്കി പാര്‍ലമെന്‍റിലേക്ക് അയച്ച എ സമ്പത്തിനെ നേരിടാനാണ് അടൂര്‍ പ്രകാശിനെ കോണ്‍ഗ്രസ് ഇറക്കുന്നത്.
ഇക്കാര്യത്തില്‍ അടൂര്‍ പ്രകാശും സമ്മതം അറിയിച്ചുകഴിഞ്ഞു. രണ്ടുതവണ വിജയിച്ച സമ്പത്തിനെ ഇത്തവണ കൂടി ആറ്റിങ്ങലില്‍ ഇറക്കാന്‍ തന്നെയാണ് സി പി എം തീരുമാനം. മാറിയ രാഷ്ട്രീയ സാഹചര്യത്തിലും സമ്പത്തിന്‍റെ വ്യക്തിപ്രഭാവം ഗുണമാകുമെന്ന് സി പി എം വിലയിരുത്തുന്നു.
എന്നാല്‍ ഏത് ശക്തനായ എതിരാളിയെയും മലര്‍ത്തിയടിക്കാനുള്ള രാഷ്ട്രീയകൌശലം കൈമുതലായുള്ള വ്യക്തിയാണ് അടൂര്‍ പ്രകാശ്. തുടര്‍ച്ചയായി വിജയിച്ചുവന്ന കോന്നി നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ തവണ അടൂര്‍ പ്രകാശിന് മുന്നില്‍ പ്രതിസന്ധികള്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതിസന്ധികള്‍ക്കിടയിലും സി പി എമ്മിന്‍റെ ആര്‍ സനല്‍കുമാറിനെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് അടൂര്‍ പ്രകാശ് വീഴ്ത്തിയത്.
എന്തായാലും അടൂര്‍ പ്രകാശിന്‍റെ വരവോടെ ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ തീപാറുന്ന പോരാട്ടം നടക്കുമെന്ന് ഉറപ്പിക്കാം.