സിസ്റ്റര്‍ ആന്‍സി കോണ്‍‌വെന്‍റിലെ അനാശാസ്യം കണ്ടെന്ന് കത്ത്

തിരുവനന്തപുരം| WEBDUNIA|
PRO
തിരുവനന്തപുരത്ത് കോണ്‍‌വെന്‍റിലെ സിസ്റ്റര്‍ ആന്‍സിയുടെ മരണവും സിസ്റ്റര്‍ അഭയകേസിന്‍റെ പാത പിന്തുടരുന്നു. കോണ്‍‌വെന്‍റിലെ അനാശാസ്യം കണ്ടിട്ടുള്ള കൊലപാതകമാണ് സിസ്റ്റര്‍ ആന്‍സിയുടേതെന്ന് ആന്‍സിയുടെ സഹോദരന് ഊമക്കത്ത് ലഭിച്ചു. കത്ത് അദ്ദേഹം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സംഭവം നടക്കുന്ന രാത്രി കോണ്‍‌വെന്‍റ് മുറ്റത്ത് നിന്ന ആന്‍സിയെ ക്ലോറോഫോം പോലുള്ള എന്തോ ഉപയോഗിച്ച് മയക്കിയ ശേഷം കോണ്‍‌വെന്‍റിലെ ടാങ്കില്‍ എടുത്തിടുകയായിരുന്നുവെന്നാണ് കത്തില്‍ പറയുന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് കത്തിലുള്ളത്. മഠത്തിലെ കന്യാസ്ത്രീകളുടെയും പുരോഹിതന്മാരുടെയും മോശമായ ബന്ധങ്ങളെ എതിര്‍ത്തിരുന്ന ആളായിരുന്നു സിസ്റ്റര്‍ ആന്‍സി. കോവളത്തും പൂങ്കുളത്തും പ്രവര്‍ത്തിക്കുന്ന ചില സെക്‍സ് റാക്കറ്റുകള്‍ക്കും ആന്‍സിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് കത്തില്‍ പറയുന്നു.

മഠത്തിലെ വേലക്കാരിയുടെ അതിരു കടന്ന പ്രവര്‍ത്തികളുടെ പേരില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും എന്നാല്‍ ആ വേലക്കാരിയെ പുറത്താക്കാന്‍ മഠത്തിലെ ചിലര്‍ സമ്മതിച്ചിരുന്നില്ലെന്നും കത്ത് വെളിപ്പെടുത്തുന്നു. പുരോഹിതരും ഈ വേലക്കാരിയും ഗുണ്ടകളും ചേര്‍ന്നാകും കൊല നടത്തിയതെന്ന് കത്തില്‍ പറയുന്നു.

മൃതദേഹം കിടക്കുന്നുവെന്ന് പറഞ്ഞിട്ട് അന്തേവാസികള്‍ എത്താതിരുന്നത് ഇത് കൊലപാതകമാണെന്നതിന്റെ തെളിവാണ്. കൊലപാതകമായതു കൊണ്ടാണ് മെത്രാന്മാര്‍ കബറടക്കത്തിനും എത്താത്തത്. ആന്‍സിയുടെ മരണം സിബിഐയ്ക്ക് വിടണമെന്ന് പിതാവ് മത്തായി ഫിലിപ്പ് ഹര്‍ജി നല്‍കിയിട്ടുണ്ട്. ഏറെ വിവാദങ്ങളായ കേസിന്റെ സമാന സംഭവവികാസങ്ങളാണ് കത്തില്‍ വിവരിക്കുന്നത് എന്നതുകൊണ്ട് തന്നെയാണ് അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത്. കത്ത് ഇപ്പോള്‍ ഹൈക്കോടതി ബെഞ്ചിന്റെ പരിഗണനയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :