ഇടുക്കി|
WEBDUNIA|
Last Modified ബുധന്‍, 30 സെപ്റ്റംബര്‍ 2009 (23:17 IST)
PRO
ദുരന്തങ്ങളില്‍ നിന്ന് പാഠം പഠിക്കാത്ത നമ്മുടെ അധികാരികളുടെ അശ്രദ്ധയുടെയും അലസതയുടെയും ഒടുവിലത്തെ ഉദാഹരണമാണ് തേക്കടിയിലെ ബോട്ടുദുരന്തം. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ മാത്രം ഉണരുകയും അതിന് ശേഷം കണ്ണടയ്ക്കുകയും ചെയ്യുന്ന അധികൃതരുടെ നിസംഗതയുടെ ഇരകളാണ് തേക്കടിയില്‍ പൊലിഞ്ഞ ജീവനുകള്‍.
ബോട്ടുദുരന്തങ്ങള്‍ കേരളത്തില്‍ ആദ്യ സംഭവമല്ല. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുമരകം ബോട്ടുദുരന്തം ഉണ്ടായപ്പോഴും രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തട്ടേക്കാട് ദുരന്തമുണ്ടായപ്പോഴും സര്‍ക്കാരുകള്‍ കുറച്ച് തീരുമാനങ്ങളെടുത്തിരുന്നു. വിനോദകേന്ദ്രങ്ങളിലെ സഞ്ചാരബോട്ടുകളില്‍ ഏര്‍പ്പെടുത്തേണ്ട സുരക്ഷാ നടപടികളും ഇക്കൂട്ടത്തില്‍ പെടുന്നു. എന്നാല്‍ ഇന്ന് തേക്കടി ദുരന്തത്തിന്റെ നടുക്കത്തില്‍ തിരിഞ്ഞുനോക്കുമ്പോഴും ഈ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഫയലുകളിലെ വെറും രേഖകളായി മാത്രം ഒതുങ്ങിയതായി കാണാം.
2002 ജൂലൈ 27 നാണ് വേമ്പനാട് കായലില്‍ കുമരകം ബോട്ടുദുരന്തം ഉണ്ടാകുന്നത്. 29 പേരാണ് അന്ന് മരിച്ചത്. മുഹമ്മയില്‍ നിന്ന് പുറപ്പെട്ട ബോട്ടില്‍ പിഎസ്സി പരീക്ഷയ്ക്കായി കോട്ടയത്തേക്ക് യാത്ര തിരിച്ച വിദ്യാര്‍ത്ഥികളും യുവാക്കളുമായിരുന്നു അധികവും. അനുവദിച്ചതിലും കൂടുതല്‍ ആളുകള്‍ ബോട്ടില്‍ കയറിയതായിരുന്നു അന്നും അപകടകാരണം.
പിന്നീട് സര്‍ക്കാര്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷനെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി ചുമതലപ്പെടുത്തി. ബോട്ട് യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ഈ കമ്മീഷന്റെ ശുപാര്‍ശയായിരുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ കേരള സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നു. അതേ ദിവസം തന്നെ മറ്റൊരു ദുരന്തത്തിന് കൂടി നമുക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നത് ഒരുപക്ഷെ വിധിവൈപരീത്യമാകാം.
കുമരകം ദുരന്തത്തിന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2007 ഫെബ്രുവരി ഇരുപതിന് കേരളം വീണ്ടും മറ്റൊരു ബോട്ടുദുരന്തത്തിന് സാക്ഷ്യം വഹിച്ചു. എളവൂര്‍ സെന്റ് ആന്റണീസ് സ്കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പുറപ്പെട്ട കുട്ടികള്‍ കയറിയ ബോട്ട് തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപം അപകടത്തില്‍ പെടുകയായിരുന്നു. അനുവദിച്ചതിലും കൂടുതല്‍ പേരെ കയറ്റിയതും വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ബോട്ടില്‍ ഇല്ലാത്തതുമായിരുന്നു ദുരന്തത്തിലേക്ക് നയിച്ചത്. 15 സ്കൂള്‍ കുട്ടികളും മൂന്ന് അദ്ധ്യാപികമാരുമാണ് അന്ന് ഈ അനാസ്ഥയ്ക്ക് ബലിയാടുകളായത്.
ഇതിന് മുമ്പ് 1924 ജനുവരിയില്‍ കേരളത്തിന്റെ മഹാകവി കുമാരനാശാന് മരിക്കുന്നതും ഒരു ബോട്ടുദുരന്തത്തിലാണ്. കൊല്ലത്ത് നിന്നും ആലപ്പുഴയിലേക്ക് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ സഞ്ചരിക്കവേ പല്ലനയില്‍ വെച്ചായിരുന്നു ആശാന് സഞ്ചരിച്ചിരുന്ന ബോട്ട് അപകടത്തില്‍ പെട്ടത്.
തട്ടേക്കാട് ദുരന്തം അന്വേഷിക്കാനായി സര്‍ക്കാര്‍ ജസ്റ്റിസ് പരീതുപിള്ള കമ്മീഷനെ നിയോഗിച്ചിരുന്നു. ദുരന്തത്തിന് ശേഷം വിനോദകേന്ദ്രങ്ങളിലെ സഞ്ചാരബോട്ടുകളില്‍ നിര്‍ബ്ബന്ധമായി ലൈഫ് ജാക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഫിറ്റ്നസ് സര്‍ട്ടിഫിക്കേറ്റും ലൈസന്‍സും ഇല്ലാത്ത ബോട്ടുകള്‍ ഇത്തരം കേന്ദ്രങ്ങളില്‍ സര്‍വ്വീസ് നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ആദ്യ ചൂടില്‍ ഏതാനും നാള് ഇക്കാര്യം അധികൃതര്‍ ഗൌരവത്തോടെയെടുത്തെങ്കിലും പിന്നീട് ഇതും സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന മട്ടിലായി.
ഇപ്പോഴും വേണ്ടത്ര പരിശോധനകള്‍ സംസ്ഥാനത്തെ വിനോദകേന്ദ്രങ്ങളിലെ ബോട്ടുകള്‍ക്കില്ല. കൊച്ചിയിലും മറ്റും അനവധി ബോട്ടുകള്‍ അധികൃതരുടെ കണ്ണടയ്ക്കലിന്റെ മറവില്‍ ഇപ്പോഴും സര്‍വ്വീസ് നടത്തുന്നുണ്ട്. തേക്കടി പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബോട്ടുയാത്രകളില് അധികൃതര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു എന്നാണ് ഈ ദുരന്തം ഓര്‍മ്മിപ്പിക്കുന്നത്.
അപകടത്തില്‍ പെട്ട ബോട്ടായ ജലകന്യക ഫൈബര്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണ് തേക്കടി പോലുള്ള ഒരു സ്ഥലത്ത് ഫൈബര്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഒരു ബോട്ട് സഞ്ചരിക്കാന്‍ അനുകൂലമായ സാഹചര്യങ്ങളല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജലകന്യകയുടെ നിര്‍മ്മിതിയിലെ അപാകത നേരത്തെ നാട്ടുകാര്‍ പലവട്ടം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും പോകുന്നിടം വരെ പോകട്ടെ എന്ന ഉദാസീന മനോഭാവമായിരുന്നു അധികൃതര്‍ക്ക്. ഈ ഉദാസീനതയ്ക്ക് നമുക്ക് നല്‍കേണ്ടിവന്ന വില വിദേശികളടക്കമുള്ളവരുടെ ജീവനാണ്.
ഇതുപോലൊരു ദുരന്തമുണ്ടായാല്‍ അടിയന്തരഘട്ടത്തില്‍ ആവശ്യമായ സൌകര്യങ്ങളുടെ അഭാവവും തേക്കടി ദുരന്തം നമ്മെ ബോധ്യപ്പെടുത്തുന്നു. രണ്ട് സ്പീഡ് ബോട്ടുകള്‍ മാത്രമായിരുന്നു വനം വകുപ്പിന് ഉണ്ടായിരുന്നത്. രാത്രി തെരച്ചില്‍ നടത്താനാവശ്യമായ ലൈറ്റുകളോ മറ്റ് ഉപകരണങ്ങളോ ഇല്ലാതിരുന്നത് അടുത്ത തിരിച്ചടിയായി. കേരളത്തിന്റെ ജല വിനോദസഞ്ചാര ഭൂപടത്തില്‍ ഒന്നാം സ്ഥാനത്താണ് തേക്കടി. ഇതുപോലൊരു സ്ഥലത്ത് അവശ്യം വേണ്ട ഉപകരണങ്ങള്‍ പോലും ഏര്‍പ്പെടുത്താത്തതിന് ഒരു തരത്തിലും ന്യായീകരിക്കാനാകില്ല.