മമ്മൂട്ടി എന്ന ഒറ്റയാന്‍

ചന്ദ്രദാസ്

PRO
ധാര്‍ഷ്ട്യം, കൂസലില്ലായ്മ, താന്‍പോരിമ... മമ്മൂട്ടിയെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിനുണ്ട് എന്നാരോപിക്കപ്പെടുന്ന ചില സ്വഭാവ സവിശേഷതകളെക്കുറിച്ചാണ് ആരുടെയും മനസ്സില്‍ ആദ്യം എത്തുക. പുറത്തുനിന്ന് വീക്ഷിക്കുന്നവര്‍ക്ക് പെട്ടെന്ന് കണ്ടെത്താനാവാത്ത ഒരു പ്രഹേളികയാണ് മമ്മൂട്ടി. എന്നാല്‍ ഇത് അഹങ്കാരമല്ലെന്നും അഹങ്കാരം എന്ന് മറ്റുള്ളവര്‍ക്ക് തോന്നത്തക്കവിധത്തിലുള്ള ആത്മവിശ്വാസമാണെന്നും മമ്മൂട്ടി പറയുന്നു.

മമ്മൂട്ടിയില്‍ ഒരു മുന്‍കോപക്കാരന്‍റെ മുഖംമൂടിക്കപ്പുറത്തേക്ക് ഒരിക്കലെങ്കിലും കടക്കാനായവര്‍ക്ക് സ്നേഹവും സൗഹൃദവും മനം നിറയെ തരുന്ന ഒരു മഹാനായ കലാകാരനെ ദര്‍ശിക്കാം. ഈ ദ്വന്ദഭാവമാണ് അഭിനയത്തിലെ വൈവിധ്യത്തിനായും അദ്ദേഹം സ്വീകരിക്കുന്നത്.

രാപ്പകല്‍, കാഴ്ച, വാല്‍സല്യം, അരയന്നങ്ങളുടെ വീട്, അമരം, ഭൂതക്കണ്ണാടി തുടങ്ങിയ ചിത്രങ്ങളിലെ സ്നേഹനിധിയായ സാധാരണക്കാരന്‍ നമ്മളിലൊരാളാണ്. ബ്ളാക്കിലേയും, ദി കിംഗിലെയും, ഹിറ്റ്ലറിലെയും, വല്യേട്ടനിലെയും, ഇന്‍സ്പെക്ടര്‍ ബല്‍റാമിലെയും രാക്ഷസരാജാവിലെയും ചൂടന്‍ കഥാപാത്രങ്ങളെ നാം ജീവിതത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നവയുമാണ്.

പടയോട്ടത്തില്‍ മോഹന്‍ലാലിന്‍റെ അച്ഛനായി മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. പിന്നീടൊരിക്കല്‍ മമ്മൂട്ടി പറഞ്ഞു - ''മോഹന്‍ലാലിന്‍റെ അച്ഛനായി ഞാന്‍ ഇനിയും അഭിനയിക്കാം. പക്ഷേ, എന്‍റെ കഥാപാത്രത്തിനായിരിക്കണം പ്രാധാന്യം''. ഇത് ധാര്‍ഷ്ട്യമല്ല. വ്യത്യസ്തതയും അഭിനയപ്രാധാന്യവുമുള്ള കഥാപാത്രങ്ങള്‍ക്കായുള്ള ഒരു നടന്‍റെ തപസ്സാണ്.

ഏറ്റവും സത്യസന്ധനായ നടന്‍ എന്ന് നമ്മെ മനസിലാക്കിത്തരുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളും മമ്മൂട്ടിയുടെ ജീവിതത്തിലുണ്ട്. നടന്‍ രതീഷിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ കുടുംബം ഇപ്പോള്‍ എന്തുചെയ്യുകയാണെന്ന കാര്യം താന്‍ അന്വേഷിച്ചിട്ടില്ലെന്ന തുറന്നു പറച്ചില്‍ ആ സത്യസന്ധതയാണ് കാണിക്കുന്നത്. ഇത്രയും ആത്മാര്‍ത്ഥതയോടെ സ്വയം വിമര്‍ശനം നടത്തുന്ന മറ്റാരുണ്ട് സിനിമയില്‍?

സാധാരണക്കാരനായ മലയാളിയുടെ സ്വത്വവുമായി തദാത്മ്യം പ്രാപിക്കാന്‍ മമ്മൂട്ടിയ്ക്കു കഴിഞ്ഞിട്ടുണ്ട്. രാപ്പകലിലെ കുന്തിച്ചിരുന്ന് ചക്ക വെട്ടുന്ന കൃഷണനുണ്ണിയും, യവനികയിലെ ഭാര്യയെ വിശ്വാസത്തിലെടുത്ത് കേസന്വേഷണം നടത്തുന്ന ഇന്‍സ്പെക്ടറും, ഹിറ്റ്ലറിലെ പെങ്ങന്മാരെ പഞ്ചാരയടിക്കാന്‍ വരുന്ന പൂവാലന്മാരെ തുരത്തുന്ന മാധവന്‍കുട്ടിയും, വാത്സല്യത്തിലെ കൃഷിക്കാരനും എല്ലാം മലയാളിക്ക് ആത്മാംശം കണ്ടെത്താനാവും വിധം ഹൃദ്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് മമ്മൂട്ടിയുടെ വിജയം.

മമ്മൂട്ടിയെ ഷൂട്ടിംഗ് സെറ്റുകളിലെ തിരക്കില്‍ നിന്നൊഴിഞ്ഞ വിശ്രമവേളകളില്‍ ഒന്നു സൂക്ഷിച്ചു നോക്കൂ. ആ മുഖത്ത് രാപ്പകലിലെ കൃഷ്ണനുണ്ണിയും, കാഴ്ചയിലെ മാധവനും, ഹിറ്റ്ലറിലെ മാധവന്‍കുട്ടിയും, മതിലുകളിലെ ബഷീറും, തനിയാവര്‍ത്തനത്തിലെ ബാലഗോപാലന്‍ മാഷും, മഹായാനത്തിലെ ചന്ദ്രുവും, പാഥേയത്തിലെ ചന്ദ്രദാസുമൊക്കെ മിന്നിമറയുന്നതു കാണാം.

WEBDUNIA|
അതെ, അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും മമ്മൂട്ടിയുടെ കൂടെയുണ്ട്. ഇനി അവതരിപ്പിക്കാനുള്ളവ ആ മനസ്സിന്‍റെ ആഴത്തിലെവിടെയോ മയക്കത്തിലുമാണ്. ഈ ഒറ്റയാന്‍ ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് മലയാളി ഉറച്ചു വിശ്വസിക്കുന്നു. കാരണം, സ്വന്തം ബന്ധുക്കളെയും സുഹൃത്തുക്കളെയുംകാള്‍ മമ്മൂട്ടി എന്ന മനുഷ്യനാണ് ഓരോ മലയാളികളുടെയും ഹൃദയം ഭരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :