മമ്മൂട്ടി ഒറ്റയാനാണ്. വിജയത്തിന്റെ പടവുകള്‍ ആരുടെയും സഹായമില്ലാതെ ചവിട്ടിക്കയറിയ ഒറ്റയാന്. എതിര്‍പ്പുകളെയും പ്രതിബന്ധങ്ങളെയും തട്ടിത്തകര്‍ത്ത് മുന്നേറിയ കരുത്തന്. ആരുണ്ട് നേര്‍ക്ക് നിന്ന് ചോദിക്കാന്‍? ആരുണ്ട് ആ കുതിപ്പിന് തടയിടാന്‍? ഇത് ജീവിതം എന്ന മഹാസമസ്യയെ പോരാട്ടത്തിലൂടെ കീഴടക്കിയ വ്യക്തിയുടെ ജൈത്രയാത്രയാണ്.
മമ്മൂട്ടിക്ക് ഇന്ന് 58 വയസ് തികഞ്ഞു. പ്രായം മറച്ചുവച്ചിട്ടല്ല ഈ താരം ചെറിയ പെണ്‍കുട്ടികളുടെ കൂടെ ആടിപ്പാടുന്നത്. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടി ജനിച്ചത്. ചിങ്ങമാസത്തിലെ വിശാഖം നക്ഷത്രത്തില്‍. കോട്ടയം ജില്ലയില്‍ വൈക്കം ഉദയനാപുരത്തിനടുത്തുള്ള ചെമ്പ് ആണ് സ്വദേശം.
മുപ്പത് വര്‍ഷം മുമ്പ് ദേവലോകം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയ മമ്മൂട്ടിയില്‍ നിന്ന് ഇന്നത്തെ മമ്മൂട്ടിയിലേക്കുള്ള ദൂരം വളരെ വലുതാണ്. ഒരു മനുഷ്യന് 30 വര്‍ഷം കൊണ്ട് നേടാന്‍ കഴിയുന്നതിന്റെ പരമാവധി നേട്ടങ്ങള്‍ സ്വന്തമാക്കി അദ്ദേഹം. ഇന്ത്യയിലെ മികച്ച നടന്മാര് ആരൊക്കെ എന്നു ചോദിച്ചാല്‍ ആദ്യ അഞ്ചില്‍ ഉള്‍പ്പെടാന്‍ യോഗ്യതയുള്ളയാള്‍. എന്നാല്‍ മമ്മൂട്ടി സ്വയം വിലയിരുത്തുന്നത് താന്‍ ഒരു Born Actor അല്ല എന്നാണ്. അതായത്, കഠിനാദ്ധ്വാനത്തിലൂടെ സ്വായത്തമാക്കിയ അഭിനയത്തികവാണ് കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി തിളങ്ങുന്നത്.
വിമര്‍ശനങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട് മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍. ഒരുകാലത്ത്(മമ്മൂട്ടി - കുട്ടി - പെട്ടി സമവാക്യത്തിന്റെ ധാരാളിത്തമുണ്ടായ ആ കാലം തന്നെ) മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുണ്ടായി. ‘ഈ മനുഷ്യന് മലയാള സിനിമയ്ക്ക് ദോഷം ചെയ്യു’മെന്ന രീതിയിലുള്ള ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്ന കാലം. ഒരൊറ്റ കഥാപാത്രത്തിലൂടെ വിമര്‍ശകരുടെ നാവടച്ചു മമ്മൂട്ടി. ആ കഥാപാത്രത്തിന്റെ പേര് ജി കെ എന്നാണ്. ജി കൃഷ്ണമൂര്‍ത്തി! ന്യൂഡല്‍ഹിയിലെ ജി കെ ഇന്നും ആണത്തത്തിന്റെ പ്രതീകമാണ്.
ന്യൂഡല്‍ഹിക്ക് ശേഷം മമ്മൂട്ടിക്ക് ഉയര്ച്ചകളുടെ സമയമായിരുന്നു. മോഹന്‍ലാല്‍ വന്നപ്പോള്‍ മമ്മൂട്ടി വീഴുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തന്റെ ആവര്‍ത്തിച്ചുള്ള വിജയങ്ങളിലൂടെയായിരുന്നു മറുപടി. അത് ബോക്സോഫീസില്‍ മാത്രമായിരുന്നില്ല. പൊന്തന്മാട, വിധേയന്, ഒരു വടക്കന്‍ വീരഗാഥ, മൃഗയ, അമരം എന്നിങ്ങനെ വ്യത്യസ്തമായ സൃഷ്ടികളില്‍ തന്റെ ശക്തമായ സാന്നിധ്യം ജ്വലിപ്പിച്ചു നിര്‍ത്തി.
ഓരോകാലത്തും തന്റെ അഭിനയത്തില്‍ ഉണ്ടായിട്ടുള്ള പിഴവുകള്‍ തിരുത്തിയാണ് മമ്മൂട്ടി കടന്നു പോന്നിട്ടുള്ളത്. ഡാന്‍സ് അറിയില്ലെന്നായിരുന്നു ഒരു കടുത്ത വിമര്‍ശനം. ‘ഹരികൃഷ്ണന്‍സ്’ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പമുള്ള ഡാന്‍സ് രംഗത്ത് മമ്മൂട്ടി ഏറ്റുവാങ്ങിയ കൂവലിന് കണക്കില്ലായിരുന്നു. ആ കുറവ് ഏതാണ്ടൊരു പരിധി വരെ പരിഹരിച്ചിരിക്കുന്നു. ഇന്ന് മമ്മൂട്ടി ഡാന്‍സ് ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ ഒപ്പം ചുവടുവയ്ക്കുന്നു. ആ പരിമിതിയെ മറികടന്നു എന്നല്ല, മറികടക്കാനുള്ള തീവ്രമായ ശ്രമം നടത്തുകയായിരുന്നു എന്ന് മമ്മൂട്ടി തന്നെ പറയുന്നു. വിജയിച്ചുവോ ഇല്ലയോ എന്ന് കാഴ്ചക്കാര്‍ വിലയിരുത്തട്ടെ.
കോമഡി വഴങ്ങില്ല എന്നായിരുന്നു മറ്റൊരു ആരോപണം. അടുത്തകാലത്ത് റെക്കോര്‍ഡു വിജയങ്ങള്‍ നേടിയിട്ടുള്ള മമ്മൂട്ടിച്ചിത്രങ്ങളെല്ലാം കോമഡിച്ചിത്രങ്ങളാണെന്നതാണ് അതിനുള്ള മറുപടി. ജില്ലാ കളക്ടര്‍ ജോസഫ് അലക്സിന്റെ ശരീര ഭാഷ മമ്മൂട്ടിക്ക് എളുപ്പം വഴങ്ങും. എന്നാല്‍ നിരക്ഷരകുക്ഷിയായ പോത്തുകച്ചവടക്കാരന്‍ രാജമാണിക്യമായുള്ള പകര്‍ന്നാട്ടത്തിലൂടെ പുതിയൊരു അഭിനയ രീതി കാഴ്ചവയ്ക്കാനും അത് ഒരു തരംഗമാക്കി മാറ്റാനും മമ്മൂട്ടിക്ക് കഴിഞ്ഞു.