ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായെത്തി മലയാളിയ്‌ക്ക് ഒരു റിക്കോര്‍ഡിന്റെ തലയെടുപ്പും നസീര്‍ തന്നു. 700 ചിത്രങ്ങളില്‍ അദ്ദേഹം നായകനായെത്തി. പേരിനെ അനശ്വരമാക്കുംവിധം 85 നായികമാരോടൊപ്പം. എങ്കിലും മലയാളി നസീറിനെ കാണാന്‍ കൊതിച്ചത് ഷീലയ്‌ക്കൊപ്പമാണ്, അവരുടെ ഒരുമിക്കലില്‍ എന്തോ രസതന്ത്രം മലയാളി ആസ്വദിച്ചിരുന്നു അതുകൊണ്ടാണല്ലോ 130 ചിത്രങ്ങളില്‍ അവര്‍ ഒന്നിച്ചഭിനയിച്ചിട്ടും മലയാളിക്ക് മടുക്കാതിരുന്നത്. നസീറിന്റെ പ്രണയാതുരനായ നായകനും ഷീലയുടെ വിരഹിണിയായ നായികയും പൂര്‍ണ്ണതയില്‍ എത്തിച്ചേര്‍ന്നത് അവര്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ തന്നെയാണ്. ‘മണ്ടിപ്പെണ്ണെ’ എന്ന വിളി മിമിക്രി കോമാളികളുടെ കോപ്രായങ്ങള്‍ക്ക് കൂട്ടായെങ്കിലും ആ വിളി നല്‍കിയ സുഖം മറ്റെന്തോ ആയിരുന്നു.
സിനിമയുടെ മിനുക്കത്തിനുമപ്പുറം നസീര്‍ സിനിമയിലെ നായകനെപ്പോലെ നിലകൊണ്ടു. നല്ല ഒരു മനുഷ്യസ്നേഹിയായി, നല്ല ഒരു മനുഷ്യനായി. സഹായം തേടിയെത്തിയവരെ വെറുംകയ്യോടെ മടക്കി അയച്ചില്ല. സിനിമ പരാജയപ്പെട്ട നിര്‍മ്മാതാവിനോട് അടുത്ത ചിത്രത്തില്‍ പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന് പറയാന്‍ ഒരു പക്ഷെ നസീറിന് മാത്രമേ കഴിയൂ. കാരണം അങ്ങനെ പറയാന്‍ കഴിയുമായിരുന്നെങ്കില്‍ നമ്മുടെ നടന്‍മാരൊക്കെ ജീവിക്കാന്‍ വേറെ വഴിതേടേണ്ടി വന്നേനേ!
കാലം അങ്ങനെ ഒഴുകിപ്പോയി, പഴയ ഓലപ്പുര തീയറ്ററുകള്‍ മണ്ണടിഞ്ഞു. അവയ്‌ക്ക് മുകളില്‍ നിന്ന് റബറും മരച്ചീനിയേയും നിറഞ്ഞു. പഴയ കരയുന്ന പ്രൊജക്‍ടര്‍ തുരുമ്പ് വിലക്ക് തൂക്കി. എങ്കിലും ആ കാലത്തിന്റെ തീരു ശേഷിപ്പുകള്‍ എവിടെയൊക്കയോയുണ്ട് അവിടെ നിന്ന് നസീര്‍ ഇറങ്ങിവരും 'ഇളവന്നുര്‍ മഠത്തിലെ ഇണക്കുയിലെ' എന്ന ഗാനവുമായി. പ്രേം നസീര്‍ ഓര്‍മ്മയായിട്ട് 20 വര്‍ഷം കഴിഞ്ഞുവെങ്കിലും ആ മുഖവും ശബ്‌ദവും മലയാളി ഇന്നും മറന്നിട്ടില്ല, പുതു തലമുറയ്ക്ക് അതൊരു തമാശയാണെങ്കിലും.