ജഗതിയും വിഎസ്സും തമ്മിലെന്ത്‌ ?

ജഗതി-വി എസ്
PROPRO
മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനും സിനിമാതാരം ജഗതി ശ്രീകുമാറും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേളയില്‍ ജഗതി ശ്രീകുമാറിന്‍റെ അസാന്നിധ്യം ഇങ്ങനെ ചില ചിന്തകള്‍ ഉയര്‍ത്തി.

അഭിനയത്തിന്‌ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച ജഗതി ശ്രീകുമാര്‍ മുഖ്യമന്ത്രിയില്‍ നിന്ന്‌ പുരസ്‌കാരം വാങ്ങാന്‍ എത്തിയില്ല. അസൗകര്യങ്ങള്‍ മൂലം ചടങ്ങിന്‌ എത്താന്‍ കഴിയാത്തവര്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മറ്റാരേയെങ്കിലും ചുമതലപ്പെടുത്താറുണ്ട്‌. എന്നാല്‍ തിരുവനന്തപുരത്ത് താമസിക്കുന്ന ജഗതിക്ക്‌ വേണ്ടി പുരസ്‌കാരം ആരും ഏറ്റുവാങ്ങിയില്ല.

സെക്രട്ടേറിയേറ്റില്‍ ഖാദി പ്രചാരണ ചടങ്ങില്‍ ജഗതിക്ക് ഒപ്പം വേദി പങ്കിടാന്‍ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ തയ്യാറാകാതിരുന്നത്‌ അന്ന്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിതുര പെണ്‍വാണിഭകേസില്‍ പ്രതി ആയതിനാലാണ്‌ ജഗതി പങ്കെടുത്ത ചടങ്ങില്‍ നിന്ന്‌ അന്ന്‌ മുഖ്യമന്ത്രി വിട്ടു നിന്നത്‌.

മുഖ്യമന്ത്രിയാല്‍ താന്‍ അപമാനിതനായെന്ന്‌ അന്ന്‌ ജഗതി വെളിപ്പെടുത്തിയിരുന്നു. കേസില്‍ നിന്ന്‌ ജഗതി പിന്നീട്‌ പുറത്തുവന്നു. ഇക്കാരണത്താലാണോ മുഖ്യമന്ത്രിയില്‍ നിന്ന്‌ പുരസ്‌കാരം ഏറ്റുവാങ്ങേണ്ടതില്ല എന്ന്‌ ജഗതി തീരുമാനിച്ചത്‌ എന്ന്‌ വ്യക്തമല്ല. ഇക്കാര്യത്തില്‍ ജഗതിയുടെ വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

പരദേശി , വീരാളി പട്ട്‌, അറബിക്കഥ എന്നീ സിനിമകളിലെ പ്രകടനം മാനിച്ചാണ്‌ ജാനു ബറുവ അധ്യക്ഷനായ ജൂറി ജഗതിക്ക്‌ പ്രത്യേക പരാമര്‍ശം നല്‌കിയത്‌.

മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം ലഭിച്ച നടന്‍ മുരളിയും അവാര്‍ഡ്‌ വാങ്ങാന്‍ എത്തിയില്ല. ‘പരദേശി’യിലൂടെ മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ച സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദും അവാര്‍ഡ്‌ ഏറ്റുവാങ്ങിയില്ല. ഇടതു പക്ഷ അനുയായികളായ ഇവരുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു.

ഷൂട്ടിങ്ങ്‌ തിരക്ക്‌ കാരണം ചടങ്ങില്‍ എത്താന്‍ കഴിയാതിരുന്ന മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയ മോഹന്‍ലാലിന്‌ പകരം മുകേഷ്‌ ആണ്‌ പുരസ്‌കാരം ഏറ്റുവാങ്ങിയത്‌. ശ്രീനിവാസന്‍റെ പുരസ്‌കാരവും പകരക്കാരനായി മുകേഷ്‌ ഏറ്റുവാങ്ങി.

മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം ലക്ഷ്‌മി ഗോപാല സ്വാമിക്ക്‌ പകരം ‘തനിയെ’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :