ഗണ്ണും പെണ്ണും...പിന്നെ പണവും; ഐപിഎല്‍ എന്ന റിയാലിറ്റി ഷോ!
സച്ചിന് മാരാര്‍
WEBDUNIA|
PRO
PRO
ഐപിഎല്‍ ഒരു മത്സരമാണോ, റിയാലിറ്റി ഷോയാണോ. ഉത്തരത്തിന് ഇപ്പോള്‍ ഒന്നു കൂടി ആലോചിക്കേണ്ടതില്ല, ഇതൊരു റിയാലിറ്റി ഷോയാണ്. ഗണ്ണും പെണ്ണും പണവുമൊക്കെയായി മനസിനെ ത്രസിപ്പിക്കുന്ന ഒന്നാന്തരം ഒരു ഷോ. അതു വിജയിപ്പിക്കാന്‍ കരുക്കള്‍ നീക്കുന്നതാവട്ടെ പ്രമുഖരും. ശ്രീയില്‍ തുടങ്ങി ശ്രീനിവാസനില്‍ എത്തിനില്‍ക്കുന്നു ഈ കണ്ണി. ഇപ്പോള്‍ ഐപിഎല്‍ ഫൈനലില്‍ എത്തിയിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഏറ്റവുമൊടുവില്‍ ടീം ഉടമ ഗുരുനാഥ് മെയ്യപ്പനെ തള്ളിപ്പറയേണ്ടി വന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. മെയ്യപ്പന്റെ ഭാര്യാപിതാവും ബിസിസിഐ പ്രസിഡന്റുമായ എന്‍ ശ്രീനിവാസനും ഇതില്‍ നിന്നു മാറി നില്‍ക്കാനാവില്ല. കാരണം സംശയത്തിന്റെ കരങ്ങള്‍ നീളുന്നത് ശ്രീനിവാസനിലേക്ക് തന്നെയാണ്.
ഇതിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മിസ്റ്റര്‍ കൂള്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പേരും ഐപിഎല്‍ വാതുവയ്പിലേക്ക് വലിച്ചിഴക്കപ്പെടുന്നുണ്ട്. ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം പ്രിന്‍സിപ്പലുമായ ഗുരുനാഥ് മെയ്യപ്പന് അറസ്റ്റിലായതാണ് ധോണിയിലേക്ക് സംശയം നീളാന്‍ കാരണം.
മെയ്യപ്പന്റെയും ശ്രീനിവാസന്റെയും ടീമിന്റെ ക്യാപ്റ്റനായിരിക്കുന്നതാണ് ധോണിയേയും സംശയത്തിന്റെ നിഴലിലാക്കുന്നത്. കളികള്‍ക്ക് ശേഷം നടക്കുന്ന പാര്‍ട്ടികളില്‍ പലപ്പോഴും വാതുവയ്പുകാരുടെ സാന്നിധ്യവുമുണ്ടെന്ന് ഇതിനോടകം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ പാര്‍ട്ടികളിലാണ് ഹണിട്രാപ്പ് അഥവാ തേന്‍കുടങ്ങളെ ഉപയോഗിച്ച് ക്രിക്കറ്റ് താരങ്ങളെ കുടുക്കുന്നത്. ഇതിനായി സിനിമാ താരങ്ങള്‍ അടക്കമുള്ളവരെ ഉപയോഗിച്ചതായും പറയപ്പെടുന്നു. ഏവിഎം പ്രൊഡക്ഷന്‍സിലെ ഇളതലമുറക്കാരനായ മെയ്യപ്പനുള്ള സിനിമാ ബന്ധങ്ങള്‍ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അതുകൊണ്ട് തന്നെ ക്രിക്കറ്റിലെ പ്രമുഖര്‍ക്ക് മെയ്യപ്പന് പ്രിയപ്പെട്ടവനായിരുന്നു.