കേരളം ജനിക്കും മുന്‍പേ ജനപ്രതിനിധി; ഓര്‍മ്മയായത് വാഴൂരിന്റെ രാഷ്ടീയ കാരണവര്‍
WEBDUNIA|
PRO
PRO
കെ നാരായണക്കുറുപ്പ് എന്ന രാഷ്ട്രീയക്കാരനെ കേരളം അടയാളപ്പെടുത്തുക വെറും ജനപ്രതിനിധി എന്ന പേരിലാവില്ല. ചങ്കൂറ്റത്തിന്റെയും ഭയമില്ലായ്മയുടെയും ആള് രൂപം, കേരളം സംസ്ഥാനം രൂപീകരിക്കും മുന്‍പേ ജനപ്രതിനിധി. ചമ്പക്കര നടമേല്‍ കുടുംബത്തിലെ കാരണവര്‍ നാട്ടുകാര്‍ക്ക് 'കുറുപ്പ് സാര്‍‘ ആയിരുന്നു. ഇതൊക്കെയാണ് കെ നാരായണക്കുറുപ്പ് എന്ന മുന്മന്ത്രിയെ മറ്റു ജനപ്രതിനിധികളില്‍നിന്ന് വേര്‍തിരിച്ചു നിര്‍ത്തിയിരുന്നത്. എന്തുപ്രശ്നവും നാട്ടുകാര്‍ക്ക് ആ തറവാട്ട് മുറ്റത്ത് ചെന്ന് ആ കാരണവരോട് പറയാമായിരുന്നു. ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും അതിനു തടസമായിരുന്നില്ല, ആ പ്രശ്നം നാരായണക്കുറുപ്പ് പരിഹരിച്ചു നല്‍കുമായിരുന്നു. വാഴൂര്‍ മണ്ഡലത്തിലെ ഓരോരുത്തരെയും പേരെടുത്ത് വിളിക്കാന്‍ മാത്രം അടുപ്പം അദ്ദേഹത്തിനുണ്ടായിരുന്നു.
1927 ഒക്ടോബര്‍ 23ന് കറുകച്ചാലില്‍ കെ പി കൃഷ്ണന് നായരുടെയും കുട്ടിയമ്മയുടെയും മകനായി ജനനം. 1954 ല്‍ വക്കീലായി എന്റോള്‍ ചെയ്തു. ഇരുപത്തിയാറാം വയസിലാണ് അദ്ദേഹം പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. ചെന്നൈ, മുംബൈ, പുണെ എന്നിവിടങ്ങളിലായിരുന്നു ഉപരി പഠനം. എംഎയും നിയമ ബിരുദവും നേടി. റാം മനോഹര്‍ ലോഹ്യയുമായുള്ള അടുപ്പം കടുത്ത സോഷ്യലിസ്റ്റ് ചിന്തക്കാരനാക്കി. എന്‍എസ്എസ് കോളജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. 1977 മുതല്‍ 79 വരെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. 23 വര്‍ഷം കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റായി. 1963, 70, 77, 91, 2001 കാലയളവുകളില്‍ നിയമസഭയില്‍ അംഗമായിരുന്നു.