വെബ്‌ദുനിയ ലേഖകൻ|
Last Modified ശനി, 20 ഫെബ്രുവരി 2021 (08:24 IST)
ഇടുക്കി: സ്കുളിൽനിന്നും മടങ്ങിയെത്തിയ പ്ലസ് ടു വിദ്യാർത്ഥിനിയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ബൈസൺവാലി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി രേഷ്മയാണ് മരിച്ചത്. ഇടുക്കി പള്ളിവാസൽ പവർഹൗസിന് സമീപം പെൺകുട്ടിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. വെള്ളിയാഴ്ച സ്കൂൾ സമയം കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിൽ എത്താതെവന്നതിനെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയിരുന്നു.
പള്ളിവാസൽ പവർഹൗസിന് സമീപത്തായി പെൺകുട്ടിയെയും ഒരു ബന്ധുവിനെയും കണ്ടതായി ഓട്ടറിക്ഷ തൊഴിലാളികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പവർഹൗസിലെ കാടുപിടിച്ചുകിടന്ന ഭാഗത്തുനിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയും ബന്ധുവുമായി ഉണ്ടായിരുന്ന സൗഹൃദത്തിൽ നേരത്തെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിൽ മൊഴി നൽകി.