അപർണ|
Last Modified ചൊവ്വ, 13 നവംബര് 2018 (10:59 IST)
പാതിരാത്രിയില് കാമുകിയെ കാണാന് വീട്ടില് എത്തിയ യുവാവിനെ പെണ്കുട്ടിയുടെ വീട്ടുകാര് മർദ്ദിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ജഹാജര് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. സുമിത് സിംഗ് എന്ന യുവാവാണ് പെണ്കുട്ടിയുടെ വീട്ടുകാരുടെ അക്രമത്തില് കൊലപ്പെട്ടത്.
രാത്രിയിൽ കള്ളം പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ യുവാവ് ആരുമറിയാതെ പെണ്കുട്ടിയുടെ വീട്ടില് എത്തുകയായിരുന്നു. പെണ്കുട്ടിയുടെ മുറിയില് എത്തിയ സുമിതിനെ വീട്ടുകാര് കാണുകയും മര്ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സുമിതിന്റെ അലറിക്കരച്ചിൽ കേട്ട് സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും യുവാവ് മരണപ്പെടുകയായിരുന്നു.
സുമിതിന്റെ വീട്ടുകാരുടെ പരാതിയില് പെണ്കുട്ടിയുടെ അച്ഛന്, അമ്മ, അമ്മാവന് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികള് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.