കൽപ്പറ്റ|
Rijisha M.|
Last Modified ശനി, 7 ജൂലൈ 2018 (12:32 IST)
വയനാട്
കൽപ്പറ്റ വെള്ളമുണ്ടയ്ക്കു സമീപം മക്കിയാട് ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്യുന്നു. രാവിലെ വരെ 19 ഇതര സംസ്ഥാനക്കാരെ ചോദ്യം ചെയ്തതായി വെള്ളമുണ്ട എസ്ഐ പി.ജിതേഷ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നു കൊലയാളിയുടെ രേഖാചിത്രം തയാറാക്കാനുള്ള ശ്രമത്തിലാണു പൊലീസ്.
മക്കിയാട് പന്ത്രണ്ടാം മൈൽ മൊയ്തുവിന്റെ മകൻ ഉമ്മറി(28)നെയും ഭാര്യ ഫാത്തിമ(20)യെയുമാണ് കഴിഞ്ഞ ദിവസം രാവിലെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ നിലയിലായിരുന്നു. മോഷണമാണോ വ്യക്തിവൈരാഗ്യമാണോ കൊലപാതകത്തിനു പിന്നിലെന്നു വ്യക്തമല്ല.
വീട്ടിനുള്ളിൽ നിന്നോ കൊല നടന്ന മുറിക്കുള്ളിൽനിന്നോ മാരകായുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഉമ്മര്‍ അംഗമായ തബ്‌ലീഗ് ജമാ അത്തില്‍ ഇതരസംസ്ഥാനക്കാരും സജീവമായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണു കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടാന്‍ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.