എറണാകുളം|
Rijisha M.|
Last Modified ശനി, 7 ജൂലൈ 2018 (11:25 IST)
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തിന് സഹായിച്ച രണ്ടുപേർ കൂടി അറസ്‌റ്റിൽ. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കരുതല്‍ തടങ്കലിലായ എസ്ഡിപിഐ നേതാക്കളെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 132 പേരെ കോടതി റിമാന്‍ഡ് ചെയ്തു. കൊല്ലപ്പെട്ട ദിവസം രാവിലെ മുതൽ തുടർച്ചയായി അഭിമന്യുവിനെ ഫോണിൽ വിളിച്ചത് കേസിൽ പൊലീസ് തിരയുന്ന ഒന്നാം പ്രതി മുഹമ്മദാണെന്ന് സൂചന. മഹാരാജാസ് കോളജിലെ തന്നെ മൂന്നാം വർഷം അറബിക് വിദ്യാർഥിയാണ് മുഹമ്മദ്.
എന്നാൽ കൊലയാളി സംഘത്തിലെ പ്രതികൾ വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതായി രഹസ്യ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലേക്കും പൊലീസ് തിരച്ചിൽ നോട്ടിസ് കൈമാറി. ഇതേസമയം, അഭിമന്യുവിനെ പ്രതികൾക്ക് കാണിച്ച് കൊടുത്തത് മഹാരാജാസിലെ തന്നെ മറ്റൊരു വിദ്യാർത്ഥി ആണെന്ന് സൂചനകൾ ഉണ്ട്.
അഭിമന്യുവിന്റെ ഫോൺ കോൾ സംബന്ധിച്ചുള്ള അന്വേഷണം സൈബൽ സെൽ നടത്തുന്നുണ്ട്. എന്നാൽ, സംഭവദിവസം രാത്രി അഭിമന്യുവിനെ കോളജിലേക്കു വിളിച്ചു വരുത്തിയതും കൊലയാളി സംഘത്തിന് കാണിച്ച് കൊടുത്തതും ഒരാൾ തന്നെയാണോ എന്നത് വ്യക്തമാകാൻ മുഹമ്മദ് പിടിയിലാകണം.