കൊച്ചി|
jibin|
Last Modified വെള്ളി, 6 ജൂലൈ 2018 (13:00 IST)
എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി.
അന്വേഷണ ചുമതലയുണ്ടായിരുന്ന സെന്‍ട്രല്‍ സിഐ അനന്ത് ലാലിനെ മാറ്റി കണ്ട്രോള് റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എസ് ടി സുരേഷ് കുമാറിന് അന്വേഷണച്ചുമതല നല്കി.
പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ മേൽനോട്ടത്തിലായിരിക്കും സുരേഷ് കുമാർ അന്വേഷണം നടത്തുക. അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്താനാണ് ഉദ്യോഗസ്ഥനെ മാറ്റിയതെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, കേസിലെ പ്രധാന പ്രതികളടക്കമുള്ളവര്‍ സംസ്ഥാനം വിട്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
കൊലപാതക സംഘത്തിലെ മറ്റു പ്രതികളും രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്നും ഇവരിൽ എട്ട് പേർക്കായി വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു.
അഭിമന്യുവിനെ കൊലപ്പെടുത്തുകയും രണ്ടുപേരെ മാരകമായി കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത അക്രമി സംഘത്തിലെ ഭൂരിഭാഗം പേരും എസ്ഡിപിഐയുടേയും പോപുലർ ഫ്രണ്ടിന്റേയും സജീവ പ്രവർത്തകരാണെന്ന് പൊലീസ് കണ്ടെത്തി.
അഭിമന്യുവിനെ വധിച്ചത് 15 അംഗ സംഘമെന്ന് എഫ്ഐആർ. അക്രമി സംഘത്തിലുള്ള 14 പേര് ക്യാമ്പസിനു പുറത്തു നിന്നും എത്തിയവരാണ്. വൻ ഗൂഢാലോചനയ്ക്കു ശേഷമാണ് കൊല നടന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കൊല നടത്തിയത് കറുത്ത ഫുൾകൈ ഷർട്ടിട്ട പൊക്കം കുറഞ്ഞയാണ്. ആക്രമി സംഘം രണ്ട് തവണ ക്യാമ്പസ് പരിസരത്ത് എത്തിയിരുന്നു. അഭിമന്യുവിനെ ആക്രമിക്കുന്നത് രാത്രി 12.30നാണ്. രാത്രി 9.30നും സംഘം കോളേജിലെത്തിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ സംഘം തന്നെയാണ് അർജുനെയും ആക്രമിച്ചത്.