അപർണ|
Last Modified തിങ്കള്‍, 16 ജൂലൈ 2018 (10:14 IST)
കാണാതായ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം ആറ് യുവാക്കളിലെക്ക് നീങ്ങിയിരിക്കുന്നതായി സൂചന. ജസ്‌നയുടെ ഫോൺകോളുകളിൽ നിന്നാണ് അന്വേഷണം മുണ്ടക്കയത്തുള്ള ആറ് യുവാക്കളിലേക്ക് തിരിയാൻ കാരണം.
ജസ്‌നയെ കാണാതായ ദിവസവും തൊട്ടടുത്തുള്ള ദിവസങ്ങളിലും ഈ ആറ് യുവാക്കളും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണങ്ങളാണ് ഇവരെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നത്. അതേസമയം, ജസ്നയുടെ ആണ്‍സുഹൃത്തിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്.
കാണാതായ ദിവസം ആണ്‍സുഹൃത്തും ജെസ്നയും തമ്മിൽ പത്തുമിനിറ്റോളം ഫോണില്‍ സംസാരിച്ചെന്ന വിവരത്തെ തുടർന്നാണ് ആൺസുഹൃത്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. മുൻപ് ചോദ്യം ചെയ്തപ്പോൾ പല ചോദ്യങ്ങളും നിഷേധിക്കുന്ന മനോഭാവമായിരുന്നു ഇവർക്കുണ്ടായിരുന്നത്.
മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കച്ചവട സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളതു ജെസ്ന തന്നെയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു. ജസ്‌നയുടെ ദ്രശ്യങ്ങൾ കണ്ട അധ്യാപകരും സഹപാഠികളും ജെസ്നയാണെന്ന് ഉറപ്പു പറഞ്ഞു. എന്നാല്‍ ദൃശ്യങ്ങളിലുള്ളതു ജെസ്നയല്ലെന്നാണു കുടുംബാംഗങ്ങള്‍ പറയുന്നത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടും മറ്റാരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.