അപർണ|
Last Modified ചൊവ്വ, 30 ഒക്ടോബര്‍ 2018 (11:30 IST)
തിരൂരില്‍ ഭര്‍ത്താവിനെ ഇല്ലാതാക്കാൻ ക്വട്ടേഷന്‍ നല്കിയ ഭാര്യയും കമുകനും കൂട്ടാളികളും പൊലീസ് പിടിയിൽ. സുജാതയും കാമുകൻ സുരേഷ് ബാബുവും കൊലപ്പെടുത്താൻ ശ്രമിച്ചത് തൃശൂര്‍ തിരൂര്‍ സ്വദേശി കൃഷ്ണകുമാറിനെയാണ്. കാറിടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു ക്വട്ടേഷൻ സംഘത്തിന്റെ പ്ലാൻ.
സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു കൃഷ്ണകുമാർ. ജോലി സംബന്ധമായ കാര്യത്തിന് ഭർത്താവ് വയനാട്ടിൽ പോകുമ്പോൾ മക്കളെ സ്കൂളിൽ കൊണ്ടുവിടാൻ സുജാത പോകുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് സുരേഷ് ബാബു. ഇരുവരും തമ്മിൽ അടുപ്പമുണ്ടെന്ന് നാട്ടുകാർ പറഞ്ഞ് ഭർത്താവ് അറിഞ്ഞിരുന്നു. പക്ഷേ ഇക്കാര്യത്തെ കുറിച്ച് സുജാതയോട് ചോദിച്ചിരുന്നില്ല.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കൃഷ്ണകുമാറിന് നേരെ ആക്രമണമുണ്ടായത്. വീട്ടിൽ നിന്നുമിറങ്ങിയ കൃഷ്ണകുമാറിനെ റോഡരികിൽ കിടന്നിരുന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എന്നാൽ, നടന്നു പോകുമ്പോള്‍ നിര്‍ത്തിയിട്ടിരുന്ന ആ കാര്‍ എന്തിനു തിരിച്ചു?. റോഡിന്റെ അരികിലൂടെ പോയ തന്നെ മനപൂർവ്വം ഇടിച്ച് തെറിപ്പിക്കുകയായിരുന്നില്ലേ? എന്ന സംശയത്തിന്റെ പിന്നാലെയാണ് കാർ ആരുടേതാണെന്ന് അറിയാനായി കൃഷ്ണകുമാർ അന്വേഷണം ആരംഭിച്ചത്.
ഇക്കാര്യം ഭാര്യയോടും പറഞ്ഞു. എന്നാൽ, സുജാതയാകട്ടെ പരാതി നല്‍കേണ്ടെന്ന് ഇടയ്ക്കിടെ പറഞ്ഞു. ഒടുവിൽ റോഡില്‍ പ്രഭാത നടത്തത്തിന് പോകുന്നവരുടെ സഹായത്തോടെ വണ്ടി നമ്പര്‍ കൃഷ്ണകുമാര്‍ സംഘടിപ്പിച്ചു. വിയ്യൂർ എസ് ഐയെ വിളിച്ച് കാര്യം പറഞ്ഞു. ശേഷം നടത്തിയ അന്വേഷണത്തിൽ സുരേഷ് ബാബുവും കൂട്ടാളികളും പിടിക്കപ്പെട്ടത്.
പൊലീസിനൊപ്പം കൃഷ്ണകുമാർ വീട്ടിലെത്തിയപ്പോൾ എല്ലാം പൊളിഞ്ഞുവെന്ന് മനസ്സിലാക്കിയ സുജാത ‘ചേട്ടാ തെറ്റുപ്പറ്റിപ്പോയി, ക്ഷമിക്കണം’ എന്ന് ഭർത്താവിനോട് കരഞ്ഞു പറഞ്ഞു. ''നിന്നെ ഇത്രയും സ്നേഹിച്ചിട്ടും എന്നെ വധിക്കാന്‍ നീ പറഞ്ഞില്ലേ'' എന്നായിരുന്നു കൃഷ്ണകുമാര്‍ സുജാതയോട് തിരിച്ച് പറഞ്ഞത്.