ആലുവാ പുഴയിൽ കല്ലിൽ കെട്ടിത്താഴ്ത്തിയ നിലയിൽ യുവതിയുടെ മൃതദേഹം

Last Modified ബുധന്‍, 13 ഫെബ്രുവരി 2019 (14:11 IST)
ആലുവാ: പെരിയാറിന്റെ കൈവഴിയിൽ യുവതിയുടെ മൃതദേഹം കല്ലിൽ കെട്ടി താഴ്ത്തിയ നിലയിൽ. ആലുവ യു സി കോളേജിന് സമീപത്തെ വിദ്യാഭവൻ സെമിനാരിയോട് ചേർന്നുള്ള കുളിക്കടവിലാണ് ചൊവ്വാഴ്ച രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. പുതപ്പിനുള്ളിൽ പൊതിഞ്ഞ് കല്ലിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. 40 കിലോയോളം ഭാരം വരുന്ന കല്ലിലാണ് യുവതിയുടെ മൃതദേഹം കെട്ടിയിരുന്നത്.

ചൊവ്വാഴ്ച രാത്രിയോടെ സെമിനാരിയിലെ വൈദിക വിദ്യാർത്ഥികളാണ് മൃതദേഹം കണ്ടത്. മൃതദേഹം കണ്ടെത്തിയത് രാത്രിയായതിനാൽ ഇന്ന് രാവിലെയോടെയാണ് പൊലീസ് ഇൻ‌ക്വസ്റ്റ് നടപടിക പൂർത്തിയാക്കിയത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.

സംഭവം കൊലപാതകം തന്നെയെന്ന നിഗമനത്തെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച യുവതിയെ ഇതേവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിൽനിന്നും അടുത്തിടെ കാണാതായ യുവതികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :