സുമീഷ് ടി ഉണ്ണീൻ|
Last Modified തിങ്കള്‍, 24 ഡിസംബര്‍ 2018 (14:47 IST)
ഗോരഖ്പൂര്‍: മുൻഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ സമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് ജീവിച്ചിരിക്കുന്നതായി വരുത്തിത്തീർത്ത ഡോക്ടർ പിടിയിലായി. ധര്‍മേന്ദ്ര പ്രതാപ് സിങ്ങാണ് മുൻ ഭാര്യ രാഖി ശ്രീവാസ്തവയെ കൊലപ്പെടുത്തിയ ശേഷം പൊലീസിനെയും ബന്ധുക്കളെയും കബളിപ്പിച്ചത്.
ജൂണിൽ രാഖി ഭർത്താവ് മനീഷുമൊത്ത് നേപ്പാളിലേക്ക് പോയിരുന്നു. എന്നാൽ മനീഷ് തിരികെയെത്തിയിട്ടും രാഖി നേപ്പാളിൽ തന്നെ തുടർന്നു. പിന്നീട് രാഖിയെ കാണാതാവുകയായിരുന്നു. അതേ സമയം രാജിയുടെ ഫെയ്സ്ബുക്ക് അക്കൌണ്ട് സജീവവുമായിരുന്നു.
സംഭവത്തിൽ സംശയം തോന്നിയ രഖിയുടേ സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തിൽ രാഖിയുടെ ഇപ്പോഴത്തെ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും രാഖിയുടെ തിരോധാനത്തിൽ ഇയാൾക്ക് പങ്കില്ലെന്ന് പൊലീസിന് മനസിലായി.
ഇതോടെയാണ് അന്വേഷണം മുൻ ഭർത്താവിലേക്ക് നീങ്ങിയത്. ഇയാളുടെ ഫോൺ രേഖകൾ പരിശോധിച്ചതോടെ രാഖി നേപ്പാളിൽ ഉണ്ടായിരുന്ന സമയത്ത് ധര്‍മേന്ദ്രയും നേപ്പാളിൽ ഉണ്ടായിരുന്നു എന്നും ഇരുവരും പരസ്പരം കണ്ടിരുന്നു എന്നും മനസിലായത്. ഇതോടെ ധര്‍മേന്ദ്ര പ്രതാപ് സിങ്ങിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യ്ം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
നേപ്പാളിലെ പൊഖ്‌റയിലെ പാറക്കെട്ടുകളിലേക്ക് തള്ളിയിട്ട് രാഖിയെ കൊലപ്പെടുത്തിയെന്നും. രാഖിയുടെ ഫോൺ കൈക്കലാക്കിയാണ് ജീവിച്ചിരിപ്പുള്ളതായി വരുത്തിത്തീർത്തത് എന്നും ധർമേന്ദ്ര പ്രതാപ് സമ്മതിച്ചു. ജീവനാംശമായി പണവും വീടും നല്‍കണമെന്ന് ആവശ്യപ്പെട്ടതിന്റെ പക തീർക്കാനാണ് രാഖിയെ കൊലപ്പെടുത്തിയത് എന്നും ധർമേന്ദ്ര പ്രതാപ് പൊലീസിന് മൊഴി നൽകി.