സ്വത്ത് തർക്കം; സഹോദരനെ മദ്യം നൽകി മയക്കി കിടത്തിയശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, അറസ്റ്റ്

അനു മുരളി| Last Modified വ്യാഴം, 26 മാര്‍ച്ച് 2020 (12:38 IST)
സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെ കഴുത്ത് ഞെരിച്ച് കൊലപെടുത്തിയ വയോധികൻ അറസ്റ്റിൽ. ഇടുക്കിയിലാണ് സംഭവം. സ്വത്ത് ആവശ്യപ്പെട്ട് വൃദ്ധമാതാവിനെ കാണാനെത്തിയതായിരുന്നു 67 കാരനായ ചിറയില്‍മേല്‍ തോമസ്. തന്റെ ഒരു വയസിനു മൂത്ത സഹോദരൻ ഐപ്പിനെയാണ് ഇയാൾ കൊലപ്പെടുത്തിയത്.

കഴുത്തു ഞെരിച്ചുള്ള കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ വ്യക്തമായതിനെ തുടര്‍ന്നാണ് തോമസിനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച പാലക്കാട് നിന്നും തോമസ് സഹോദരനായ ഐപ്പിന്റെ വീട്ടിലെത്തിയിരുന്നു. വൃദ്ധയായ അമ്മ ഐപ്പിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. അമ്മയിൽ നിന്നും സ്വത്ത് ആവശ്യപ്പെട്ടെങ്കിലും നൽകാനാവില്ലെന്ന് മാതാവ് തീർത്തും പറഞ്ഞു. പകരം തന്നോടൊപ്പം താമസിക്കാൻ അനുവാദം നല്‍കുകയും ചെയ്തു.

അമ്മയ്ക്ക് തോമസ് കുറച്ച് പൈസ നൽകിയിരുന്നു. എന്നാൽ, ഈ കാശ് കൊണ്ട് സഹോദരൻ മദ്യം വാങ്ങിയതും തോമസിനെ ചൊടിപ്പിച്ചിരുന്നു. സ്വത്തിനെ ചൊല്ലി ഐപ്പുമായി സഹോദരൻ വഴക്കുണ്ടാക്കി. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ സഹോദരനെ വിളിച്ചുണർത്തിയ ‌ശേഷം ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചു. അമിതമായി മദ്യപിച്ച് ഐപ്പ് മയക്കത്തിലായതോടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം അന്നു രാവിലെ തന്നെ തോമസ് ചെല്ലാര്‍കോവിലിൽ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു.

സ്ഥിരം മദ്യപാനിയായ ഐപ്പ് നേരം പുലർന്നിട്ടും ഉണരാത്തത് മദ്യലഹരിയിലാണെന്ന് കരുതിയിരുന്ന മാതാവ് ഇയാൾ മരിച്ചു കിടക്കുന്നതാണെന്ന് അടുത്ത ദിവസമാണ് മനസിലാക്കിയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഐപ്പിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയും തോമസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :