ഷോർട്ട് പിച്ച് പന്തുകൾ കളിക്കാനറിയില്ലെന്ന് പറയുന്നത് മാധ്യമങ്ങൾ, രൂക്ഷമായി പ്രതികരിച്ച് ശ്രേയസ് അയ്യർ

അഭിറാം മനോഹർ| Last Modified വെള്ളി, 3 നവം‌ബര്‍ 2023 (15:17 IST)
ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടുമ്പോഴുള്ള അലഹീനതയെ പറ്റി ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ 56 പന്തില്‍ നിന്നും 82 റണ്‍സുമായി ശ്രേയസ് തിളങ്ങിയിരുന്നു. മധ്യനിരയില്‍ നിര്‍ണായകമായ പ്രകടനം നടത്തിയ ശ്രേയസ് 3 ഫോറും 6 സിക്‌സും സഹിതമാണ് 82 റണ്‍സിലെത്തിയത്. മത്സരശേഷം വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോഴാണ് ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടുമ്പോഴുള്ള പ്രശ്‌നം പരിഹരിച്ചോ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.

ഷോര്‍ട്ട് ബോളുകള്‍ എനിക്കൊരു പ്രശ്‌നമാണെന്ന് പറയുമ്പോള്‍ താങ്കള്‍ എന്താണ് ഉദ്ദേശിച്ചതെന്ന മറുചോദ്യമാണ് ശ്രേയസ് ചോദിച്ചത്. ഇത് വെറും മാധ്യമസൃഷ്ടിയാണെന്ന് ശ്രേയസ് പറഞ്ഞു. ഞാന്‍ പുള്‍ ഷോട്ടില്‍ സ്‌കോര്‍ ചെയ്യുന്നത് താങ്കള്‍ എത്ര തവണ കണ്ടിട്ടുണ്ട്. ഏത് പന്തും അടിക്കാന്‍ ശ്രമിച്ചാല്‍ പുറത്താകാനുള്ള സാധ്യത കൂടുതലാണ്. അത് ഷോര്‍ട്ട് ബോളായാലും ഓവര്‍ പിച്ചായാലും രണ്ടും മൂന്നും തവണ ബൗള്‍ഡായാല്‍ ഇന്‍ സ്വിംഗിങ്ങ് പന്തുകള്‍ കളിക്കാന്‍ കഴിയില്ലെന്ന് പറയും. പന്ത് സീം ചെയ്യുന്നുവെങ്കില്‍ കട്ട് ചെയ്യാനറിയില്ലെന്ന് പറയും. കളിക്കുമ്പോള്‍ എല്ലാതരത്തിലുള്ള പന്തുകളിലും ഔട്ടാകും. ഷോര്‍ട്ട് ബോളുകള്‍ അടിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലപ്പോള്‍ റണ്‍സ് കിട്ടും ചിലപ്പോള്‍ ഔട്ടാകും. ഒരുപക്ഷേ ഞാന്‍ കൂടുതല്‍ തവണ ഔട്ടായി കാണും. അതൊരു പ്രശ്‌നമാണെന്ന് നിങ്ങള്‍ കരുതുന്നു. എന്നാല്‍ എന്റെ മനസ്സില്‍ അത്തരത്തില്‍ ഒരു പ്രശ്‌നമില്ല. ശ്രേയസ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :