അഭിറാം മനോഹർ|
Last Modified വ്യാഴം, 2 നവംബര്‍ 2023 (20:52 IST)
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലന്‍ഡ് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ സെമി സാധ്യതകള്‍ സജീവമാക്കി മറ്റ് ടീമുകള്‍. ലോകകപ്പിന്റെ തുടക്കത്തിലെ 4 മത്സരങ്ങളും വിജയിച്ചുകൊണ്ട് തുടങ്ങിയ ന്യൂസിലന്‍ഡ് അനായാസമായി സെമി ബെര്‍ത്ത് സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് നടന്ന മൂന്ന് മത്സരങ്ങളിലും അവര്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
ആദ്യം ഇന്ത്യയോടും പിന്നീട് ഓസീസിനെതിരെ നടന്ന മത്സരത്തില്‍ അവസാന പന്തില്‍ തോല്‍വിയും ന്യൂസിലന്‍ഡ് ഏറ്റുവാങ്ങി. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ 190 റണ്‍സിന്റെ തോല്‍വിയാണ് കിവികള്‍ക്കുണ്ടായത്. ന്യൂസിലന്‍ഡ് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ സെമി സ്ലോട്ടുകളെ പറ്റി അനിശ്ചിതത്വം രൂക്ഷമായി.നിലവില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക,ഓസ്‌ട്രേലിയ ടീമുകള്‍ക്കാണ് സെമി സാധ്യതകള്‍ ഏറ്റവും കൂടുതലുള്ളത്.
ന്യൂസിലന്‍ഡ് വമ്പന്‍ തോല്‍വി വഴങ്ങിയതോടെ ബംഗ്ലാദേശ് ഒഴികെയുള്ള എല്ലാ ടീമുകള്‍ക്കും സെമി സാധ്യതകള്‍ക്കുള്ള വാതില്‍ തുറന്നിരിക്കുകയാണ്. പാകിസ്ഥാന് ഇനിയുള്ള 2 മത്സരങ്ങള്‍ അവര്‍ വിജയിക്കുകയും 2 മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് പരാജയപ്പെടുകയും ചെയ്താല്‍ സെമിയിലെത്താന്‍ സാധിക്കും.മറ്റ് ടീമുകളുടെയും സാധ്യതകളും ഇത്തരത്തിലാണ്.