അഭിറാം മനോഹർ|
Last Modified വ്യാഴം, 2 നവംബര്‍ 2023 (19:21 IST)
ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ 6 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ സ്വപ്നസമാനമായ പ്രകടനമാണ് ടീം പുറത്തെടുക്കുന്നത്. ശക്തരായ ടീമുകള്‍ക്കെതിരെ പോലും ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നു. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റും ബാറ്റിംഗും എണ്ണയിട്ട എഞ്ചിന്‍ പോലെ പണിയെടുക്കുമ്പോള്‍ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് കൂടി തിളക്കം വെയ്ക്കുകയാണ്. നായകനെന്ന നിലയില്‍ മുന്നില്‍ നിന്നും നയിക്കുന്ന രോഹിത് ശര്‍മയാണ് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ കരുത്ത്.
ലോകകപ്പിലെ താരത്തിന്റെ പ്രകടനത്തിനും ക്യാപ്റ്റന്‍സി മികവിനും വലിയ പ്രശംസയാണ് ലഭിക്കുന്നത്. ടീമിന് മികച്ച തുടക്കം നല്‍കാനായി തന്റെ ബാറ്റിംഗ് ശൈലി തന്നെ രോഹിത് പൊളിച്ചെഴുതിയിരുന്നു. ഇതിനെ പറ്റി രോഹിത് പറയുന്നതിങ്ങനെ. ടീമിനെ മികച്ച പൊസിഷനില്‍ എത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം. എല്ലാ പന്തും അടിക്കുക എന്നത് അതിന്റെ ഭാഗമല്ല. കഴിഞ്ഞ കളിയില്‍ 3 വിക്കറ്റുകള്‍ നമുക്ക് ആദ്യം നഷ്ടപ്പെട്ടു. പവര്‍പ്ലേയില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ആ സാഹചര്യത്തിന് അനുസരിച്ചാണ് കളിച്ചത്.
കളിയുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് നമ്മള്‍ തീരുമാനമെടുക്കുന്നത്. ടീമിന്റെ താത്പര്യമാണ് ഇതില്‍ പ്രധാനം. ചിലപ്പോള്‍ കാര്യങ്ങള്‍ നമ്മുടെ പദ്ധതി പോലെ വരാം. ചിലപ്പോള്‍ അങ്ങനെയാവണമെന്നില്ല. എനിക്കറിയാം ഇക്കാര്യങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന്. ഒരു മോശം കളി വന്നാല്‍ ഞാന്‍ മോശം ക്യാപ്റ്റനായി മാറും. രോഹിത് പറഞ്ഞു.