മാക്‌സ്‌വെല്ല് ഇല്ലായിരുന്നെങ്കിൽ അഫ്ഗാൻ സെമിയിൽ, കൈവിട്ട ക്യാച്ചുകൾ അഫ്ഗാന് ഇല്ലാതെയാക്കിയത് ചരിത്രനേട്ടം

അഭിറാം മനോഹർ| Last Modified ബുധന്‍, 8 നവം‌ബര്‍ 2023 (14:27 IST)
ലോകക്രിക്കറ്റില്‍ അരങ്ങേറി ചുരുക്കം വര്‍ഷങ്ങള്‍ കൊണ്ട് ലോകകപ്പില്‍ വമ്പന്‍ ടീമുകളെ മലര്‍ത്തിയടിക്കുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ലോകകപ്പിന്റെ തുടക്കത്തില്‍ ഒരു ടീമിനും വലിയ ഭീഷണിയായി അഫ്ഗാനെ തോന്നിയിരുന്നില്ല. എന്നാല്‍ കരുത്തരായ പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകളെയെല്ലാം തോല്‍പ്പിച്ച് കൊണ്ട് പോയിന്റ് പട്ടികയില്‍ വലിയ കുതിപ്പാണ് അഫ്ഗാന്‍ നടത്തിയത്. തങ്ങളുടെ ആദ്യ സെമിഫൈനല്‍ യോഗ്യത ഉറപ്പാക്കാന്‍ ഓസീസിനെതിരായ ഗ്രൂപ്പ് മത്സരത്തിലെ വിജയം അഫ്ഗാന് നിര്‍ണായകമായിരുന്നു.

ഇബ്രാഹിം സദ്രാന്റെ മികച്ച ബാറ്റിംഗിന്റെ മികവില്‍ മികച്ചൊരു ടോട്ടല്‍ പടുത്തുയര്‍ത്താന്‍ കഴിയുകയും പിന്നാലെ ഓസ്‌ട്രേലിയന്‍ ബാറ്റിംഗിനെ ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ക്കാന്‍ സാധിക്കുകയും ചെയ്തതോടെ ലോകകപ്പിലെ ചരിത്രനിമിഷത്തിനായി ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് എല്ലാവരും കരുതി. എന്നാല്‍ ഗ്ലെന്‍ മാക്‌സ്വെല്‍ എന്ന ഒരൊറ്റ ഓസീസ് താരത്തിന്റെ നെഞ്ചുറപ്പിന്റെ മുന്നില്‍ അഫ്ഗാന്‍ പ്രതീക്ഷകള്‍ എല്ലാം തന്നെ ഇല്ലാതാവുകയായിരുന്നു.

ഓസീസുമായുള്ള മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ പോയന്റ് പട്ടികയില്‍ 10 പോയന്റുമായി നാലാം സ്ഥാനത്തെത്താന്‍ അഫ്ഗാന് സാധിച്ചിരുന്നു. ഓസീസ് സ്‌കോര്‍ ഒരു ഘട്ടത്തില്‍ 91 റണ്‍സിന് 7 എന്ന നിലയിലായിരുന്നു എന്നതിനാല്‍ വിജയിച്ചിരുന്നെങ്കില്‍ റണ്‍ റേറ്റിലും വലിയ വ്യത്യാസമുണ്ടാക്കാന്‍ അഫ്ഗാനാവുമായിരുന്നു. എന്നാല്‍ മാക്‌സ്വെല്ലിന്റെതടക്കം നിര്‍ണായകമായ പല അവസരങ്ങളും അഫ്ഗാന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ടതോടെ അഫ്ഗാന്‍ തങ്ങളുടെ സെമിഫൈനല്‍ മോഹങ്ങള്‍ക്ക്ക് മേലെ കൂടിയാണ് താഴിട്ടത്. വരാനിരിക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച വിജയവും ഒപ്പം ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍ ടീമുകള്‍ പരാജയപ്പെടുകയും ചെയ്‌തെങ്കില്‍ മാത്രമെ അഫ്ഗാന് ഇനി സെമിയില്‍ പ്രവേശിക്കാനാകു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :