അഭിറാം മനോഹർ|
Last Modified ചൊവ്വ, 7 നവംബര്‍ 2023 (18:24 IST)
2023 ക്രിക്കറ്റ് ലോകകപ്പില്‍ ഓസീസിനെതിരായ മത്സരത്തില്‍ സെഞ്ചുറി നേട്ടം സ്വന്തമാക്കി അഫ്ഗാന്‍ താരം ഇബ്രാഹിം സദ്രാന്‍. ഓപ്പണറായി ഇറങ്ങിയ താരം 131 പന്തുകളില്‍ നിന്നാണ്‍ സെഞ്ചുറി സ്വന്തമാക്കിയത്. ഇതോടെ ഒരു റെക്കോര്‍ഡ് നേട്ടവും താരം സ്വന്തമാക്കി.
ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് സദ്രാന്‍ സ്വന്തമാക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്ക്,ജോഷ് ഹേസല്‍വുഡ്,പാറ്റ് കമ്മിന്‍സ്, ആദം സാമ്പ എന്നീ ലോകോത്തര ബൗളര്‍മാരടങ്ങിയ ഓസീസ് നിരയ്‌ക്കെതിരെയാണ് 21കാരനായ സദ്രാന്റെ സെഞ്ചുറി. ടൂര്‍ണമെന്റിലുടനീളം സദ്രാന്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
2015 ലോകകപ്പില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ 96 റണ്‍സെടുത്ത സമിയുള്ള ഷന്‍വാരിയുടെ റെക്കോര്‍ഡാണ് താരം തകര്‍ത്തത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ 87 റണ്‍സെടുക്കാനും സദ്രാന് സാധിച്ചു. സെഞ്ചുറിയോടെ ലോകകപ്പില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമെന്ന നേട്ടവും സദ്രാന്‍ സ്വന്തമാക്കി. 21 വയസ്സും 330 ദിവസവുമാണ് താരത്തിന്റെ പ്രായം.