Glenn Maxwell: രണ്ട് കാലില്‍ സെഞ്ചുറി, ഒറ്റക്കാലില്‍ ഡബിള്‍ സെഞ്ചുറി ! മാക്‌സ്വെല്‍ വല്ലാത്തൊരു മനുഷ്യനെന്ന് സോഷ്യല്‍ മീഡിയ

128 പന്തില്‍ നിന്ന് 21 ഫോറും 10 സിക്‌സും സഹിതമായിരുന്നു മാക്‌സ്വെല്ലിന്റെ ഇരട്ട സെഞ്ചുറി ഇന്നിങ്‌സ്

രേണുക വേണു| Last Modified ബുധന്‍, 8 നവം‌ബര്‍ 2023 (08:49 IST)

Glenn Maxwell: ഏകദിന ലോകകപ്പില്‍ ഇന്നലെ നടന്ന ഓസ്‌ട്രേലിയ-അഫ്ഗാനിസ്ഥാന്‍ മത്സരം കാണാത്തവര്‍ക്ക് നഷ്ടമായത് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളി. അഫ്ഗാന്‍ ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് ശേഷിക്കെ ഓസ്‌ട്രേലിയ മറികടന്നപ്പോള്‍ സൂപ്പര്‍മാനെ പോലെ ചിറകുവിരിച്ച് ഗ്ലെന്‍ മാക്‌സ്വെല്‍ ക്രീസില്‍ ഉണ്ടായിരുന്നു. ഓസ്‌ട്രേലിയ ചേസ് ചെയ്ത് നേടിയ 293 റണ്‍സില്‍ 201 റണ്‍സും മാക്‌സ്വെല്‍ ആണ് അടിച്ചുകൂട്ടിയത്.

128 പന്തില്‍ നിന്ന് 21 ഫോറും 10 സിക്‌സും സഹിതമായിരുന്നു മാക്‌സ്വെല്ലിന്റെ ഇരട്ട സെഞ്ചുറി ഇന്നിങ്‌സ്. തോല്‍വി ഉറപ്പിച്ച മത്സരത്തില്‍ ഓസീസിന്റെ രക്ഷകനായി അവതരിക്കുകയായിരുന്നു മാക്‌സി. 49/4 എന്ന നിലയില്‍ തകര്‍ന്നു നില്‍ക്കുമ്പോള്‍ ആണ് മാക്‌സി ക്രീസിലെത്തുന്നത്. മാക്‌സി എത്തിയിട്ടും ഒരു വശത്ത് ഓസീസ് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ഒടുവില്‍ 91/7 എന്ന നിലയില്‍ ഓസീസ് തരിപ്പണമായി. പിന്നീട് ക്രീസിലെത്തിയ നായകന്‍ പാറ്റ് കമ്മിന്‍സിനെ ഒപ്പം ചേര്‍ത്ത് അത്ഭുതകരമായ രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു മാക്‌സ്വെല്‍.

76 പന്തുകളില്‍ നിന്നാണ് മാക്‌സ്വെല്‍ സെഞ്ചുറി നേടിയത്. പിന്നീട് ഇരട്ട സെഞ്ചുറിയിലേക്ക് വേണ്ടി വന്നത് 52 പന്തുകള്‍ മാത്രം. ആദ്യ നൂറിനു ശേഷം മാക്‌സ്വെല്‍ ബൗണ്ടറിയിലൂടെ മാത്രം സ്‌കോര്‍ ചെയ്യാനാണ് നോക്കിയത്. കാരണം സെഞ്ചുറിക്ക് പിന്നാലെ മാക്‌സ്വെല്ലിന് ശക്തമായ പേശീവലിവ് ഉണ്ടായി. ഫൂട്ട് വര്‍ക്ക് എടുക്കാനോ പന്ത് ഷഫിള്‍ ചെയ്തു കളിക്കാനോ പറ്റാത്ത വിധം മാക്‌സ്വെല്‍ പുളഞ്ഞു. ശക്തമായ വേദന കാരണം ക്രീസില്‍ നിന്നുകൊണ്ട് തന്നെയാണ് മാക്‌സ്വെല്‍ പല ഷോട്ടുകളും കളിച്ചത്. രണ്ട് കാലുകൊണ്ട് സെഞ്ചുറിയും ഒറ്റക്കാലില്‍ ഇരട്ട സെഞ്ചുറിയും നേടി ക്രിക്കറ്റ് ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ് മാക്‌സ്വെല്‍.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :