പാകിസ്ഥാന്‍ സെമി എത്താത്തതിന് കാരണം ഇന്ത്യയുടെ ചതി, വിചിത്ര വാദവുമായി അബ്ദുള്‍ റസാഖ്

അഭിറാം മനോഹർ| Last Modified വെള്ളി, 10 നവം‌ബര്‍ 2023 (18:11 IST)
ലോകക്രിക്കറ്റിലെ ഒന്നാം റാങ്കുകാരെന്ന പെരുമായുമായി ലോകകപ്പിനെത്തിയ ടീമാണ് പാകിസ്ഥാന്‍. ഷഹീന്‍ അഫ്രീദി, ബാബര്‍ അസം മുഹമ്മദ് റിസ്‌വാന്‍ തുടങ്ങി പ്രമുഖ താരങ്ങളുണ്ടായിട്ടും ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പാകിസ്ഥാന്‍ പുറത്താകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് നാണം കെട്ടതും അഫ്ഗാനോട് തോറ്റതും കാരണം ക്രിക്കറ്റ് ബോര്‍ഡില്‍ തന്നെ പല പൊട്ടിത്തെറികളും ഉണ്ടായിരുന്നു. ലോകകപ്പിന് പിന്നാലെ പാക് നായകന്‍ ബാബര്‍ അസമിന് നായകസ്ഥാനം നഷ്ടമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴിതാ പാകിസ്ഥാന്‍ സെമിയില്‍ എത്താത്തതില്‍ ഇന്ത്യയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം അബ്ദുള്‍ റസാഖ്.

പാകിസ്ഥാന്റെ ലോകകപ്പിലെ തകര്‍ച്ചയ്ക്ക് കാരണം ഇന്ത്യയാണെന്ന വിചിത്രമായ ആരോപണമാണ് റസാഖ് ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ പാകിസ്ഥാന്‍ ടീമിന് സ്വാതന്ത്ര്യമില്ലായിരുന്നു. ഹോട്ടലില്‍ നിന്ന് പുറത്തുപോകാനോ കാഴ്ചകള്‍ ആസ്വദിക്കാനോ സൗകര്യങ്ങള്‍ ലഭിച്ചില്ല. കനത്ത സുരക്ഷയ്ക്ക് നടുവിലാണ് പാക് ടീം കളിച്ചത്. അതിനാല്‍ ഹോട്ടല്‍ മുറി വിട്ടുപോകാന്‍ താരങ്ങള്‍ക്കായില്ല. ഒരുപാട് നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ നിങ്ങള്‍ കളിക്കുമ്പോള്‍ മാനസിക നില കൈവരിക്കാനോ മികച്ച പ്രകടനം നടത്താനോ സാധിക്കില്ല. അബ്ദുള്‍ റസാഖ് പറഞ്ഞു.

അതേസമയം റസാഖിന്റെ പ്രതികരണത്തില്‍ വലിയ പരിഹാസമാണ് സമൂഹമാധ്യമങ്ങള്‍ ഉയരുന്നത്. പാകിസ്ഥാന്‍ സെമി എത്താതെ പുറത്തായതിന്റെ നാണക്കേട് മറയ്ക്കാനാണ് ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ മറ്റൊരു പാക് താരമായ ഹസന്‍ റാസ ഇന്ത്യന്‍ ബൗളര്‍മാര്‍ വേറെ പന്തുകൊണ്ടാണ് കളിക്കുന്നതെന്നും ഡിആര്‍എസില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ആരോപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :