അഭിറാം മനോഹർ|
Last Modified വ്യാഴം, 19 ഒക്‌ടോബര്‍ 2023 (13:27 IST)
ലോകകപ്പിലെ നിര്‍ണായകമായ മത്സരത്തില്‍ ബെന്‍ സ്‌റ്റോക്‌സ് ഇംഗ്ലണ്ട് നിരയില്‍ തിരിച്ചെത്തുന്നു. ലോകകപ്പില്‍ ഇതുവരെ കളിച്ച 3 മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. ടൂര്‍ണമെന്റിലെ സാധ്യതകള്‍ നിലനിര്‍ത്താന്‍ വരുന്ന മത്സരങ്ങളില്‍ ഇംഗ്ലണ്ടിന് വിജയിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ സൂപ്പര്‍ താരത്തിന്റെ തിരിച്ചുവരവ് ഇംഗ്ലണ്ടിന്റെ സാധ്യതകളെ ഉയര്‍ത്തും.
വിരമിക്കലില്‍ നിന്നും തിരിച്ചുവന്നെങ്കിലും പരിക്ക് മൂലം ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ബെന്‍ സ്‌റ്റോക്‌സ് ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്നില്ല. ബെന്‍ സ്‌റ്റോക്‌സ് തിരിച്ചെത്തുന്നതോടെ ഇംഗ്ലണ്ട് മധ്യനിര കൂടുതല്‍ ശക്തമാകും. ഇത് ആക്രമണോത്സുകമായ തുടക്കം നല്‍കാന്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാരെ സഹായിക്കും. കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ട് വിജയത്തിന് നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ താരമാണ് ബെന്‍ സ്‌റ്റോക്‌സ്. ടി20 ലോകകിരീടം സ്വന്തമാക്കുന്നതിലും ബെന്‍ സ്‌റ്റോക്‌സിന്റെ പങ്ക് വളരെ വലുതായിരുന്നു. അതിനാല്‍ തന്നെ താരത്തിന്റെ തിരിച്ചുവരവ് ഇംഗ്ലണ്ടിനെ കൂടുതല്‍ ശക്തമാക്കും. 21ആം തീയ്യതി ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്തമത്സരം.