ധവാനും കോഹ്‌ലിയും പുറത്തായത് എങ്ങനെ ?; രോഹിത് കളി മെനഞ്ഞത് ഈ ഔട്ടാകല്‍ കണ്ട്!

  Rohit Sharma , South Africa , World Cup , kohli , dhoni , team india , സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ , രോഹിത് ശര്‍മ്മ , ലോകകപ്പ് , കോഹ്‌ലി , ഹിറ്റ്‌മാന്‍ , ദക്ഷിണാഫ്രിക്ക
സതാം‌പ്‌ടണ്‍| Last Modified വ്യാഴം, 6 ജൂണ്‍ 2019 (15:59 IST)
പക്വത എന്ന ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം രോഹിത് ശര്‍മ്മയുടെ ഇന്നിംഗ്‌സിനെ. സ്‌ഫോടനാത്മക ബാറ്റിംഗിന് പേരുകേട്ട താരത്തിന് ഇത്രയും കൂളായി കളിക്കാന്‍ കഴിയുമോ എന്ന ചോദ്യം ഇനി അപ്രസക്തമാണ്. അത്രയും മനോഹരമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിലെ രോഹിത്തിന്റെ സെഞ്ചുറി പടുത്തുയര്‍ത്തിയ ഇന്നിംഗ്‌സ്.

വിരാട് കോഹ്‌ലിക്ക് ഒറ്റയ്‌ക്ക് ലോകകപ്പ് ജയിപ്പിക്കാനാവില്ലെന്ന സച്ചിന്‍ തെന്‍‌ഡുല്‍ക്കറുടെ പ്രസ്‌താവന ഉള്‍ക്കൊണ്ടാകും സതാംപ്‌ടണില്‍ രോഹിത് ബാറ്റ് വീശിയത്. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സ് കിരീടം ചൂടിയെങ്കിലും മികച്ച പ്രകടങ്ങള്‍ പുറത്തെടുക്കാന്‍ അദ്ദേഹത്തിനായില്ല. ഇതോടെ സ്വന്തം ആരാധകര്‍ പോലെ തിരിഞ്ഞു. ആക്ഷേപം ഉന്നയിച്ചവരുടെ വായടപ്പിക്കുന്ന പ്രകടനമായിരുന്നു ഹിറ്റ്‌മാന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ബുമ്രയ്‌ക്ക് മുമ്പില്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ വിയര്‍ക്കുന്നത് കണ്ടപ്പോഴെ രോഹിത് പിച്ചിന്റെ സ്വഭാവം പഠിച്ചു കഴിഞ്ഞിരുന്നു. പന്തിന്റെ സ്വിങും ഗതിയും തിരിച്ചറിഞ്ഞു. ഷോട്ടുകളല്ല നിലയുറപ്പിക്കുകയാണ് ആവശ്യമെന്ന് മനസിലാക്കി. ബോളറുടെ പിഴവില്‍ നിന്നുമാത്രം ബൌണ്ടറി നേടുകയെന്ന തീരുമാനവും മനസിലുറപ്പിച്ചു. ശിഖര്‍ ധവാന്‍ അതിവേഗം പുറത്തായതോടെ മികച്ച ഒരു ഇന്നിംഗ്‌സ് ആവശ്യമാണെന്ന് രോഹിത്തിന് വ്യക്തമായി.

ഓഫ് സ്‌റ്റം‌മ്പിന് പുറത്ത് വന്ന പന്ത് കളിക്കാന്‍ ശ്രമിക്കുന്നതിനിടെ എഡ്ജായി കീപ്പറുടെ കൈകളിലെത്തിയ ധവാനും, ബാക്ക് ഓഫ് ലെങ്ത് ബോള്‍ തേര്‍ഡ് മാനിലേക്ക് കളിക്കാന്‍ ശ്രമിക്കുന്നതിടെ ഡി കോക്കിന് ക്യാച്ച് നല്‍കേണ്ടി വന്ന കോഹ്‌ലിയും രോഹിത്തിന് പാഠമായി. ഈ പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

നാലാമനായി ക്രീസിലെത്തിയ രാഹുലുമായി 85 റണ്‍സിന്റെ മികച്ച കൂട്ടുക്കെട്ടുണ്ടാക്കി രോഹിത്. വിജയത്തിന്റെ ആണിക്കല്ലായിരുന്നു ആ ഇന്നിംഗ്‌സ്. തുടര്‍ന്ന് ധോണിക്കും പാണ്ഡ്യയ്‌ക്കും ഒപ്പമുള്ള പ്രകടനവും. ഈ പ്രകടനമാണ് രോഹിത്തില്‍ നിന്നും ടീം ആഗ്രഹിക്കുന്നത്. ഇംഗ്ലീഷ് പിച്ചുകളില്‍ പക്വതയോടെ ബാറ്റ് വീശിയാല്‍ ഫലം എന്താകുമെന്ന് തിരിച്ചറിഞ്ഞു. ഹിറ്റ്‌മാനില്‍ നിന്നും ഇങ്ങനെയുള്ള പ്രകടനമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :