ഇനി തീ പാറും യുദ്ധം, ഇംഗ്ലണ്ടിന്റെ നെഞ്ചിടിക്കും; താണ്ഡവമാടാൻ ഹിറ്റ്‌മാൻ

Last Modified ബുധന്‍, 26 ജൂണ്‍ 2019 (12:06 IST)
ഏകദിന ലോകകപ്പിൽ അവസാന സമയം വരെ കളിക്കളത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി. ആതിഥേയരായ ഇംഗ്ലണ്ട് ഇക്കുറി സെമിഫൈനലിൽ എത്താതെ മടങ്ങുമോയെന്ന ആശങ്കയിലാണ് ആരാധകർ. അത്തരമൊരു സാധ്യതയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഓസ്ട്രേലിയയുമായിട്ടുള്ള കളി.

ഈ ലോകകപ്പിലെ മൂന്നാം തോൽ‌വി ഏറ്റു വാങ്ങിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഇനി രണ്ട് മത്സരം മാത്രമാണ് ഇംഗ്ലണ്ടിനുള്ളത്. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി എന്തെന്നറിയാത്ത ഇന്ത്യയും ന്യൂസിലഡുമാണ് ഇംഗ്ലണ്ടിന്റെ ഇനിയുള്ള എതിരാളികൾ. ഏഴു കളികളില്‍നിന്നും എട്ടു പോയന്റ് മാത്രമുള്ള ഇംഗ്ലണ്ടിന് ശേഷിക്കുന്ന രണ്ട് മത്സരവും ജയിച്ചാല്‍ മാത്രമേ സെമി ഉറപ്പിക്കാന്‍ കഴിയുകയുള്ളൂ.

ഇന്ത്യ, നൂസിലൻഡ് എന്നീ ടീമുകളുമായുള്ള മത്സരങ്ങളിൽ ഏതെങ്കിലും ഒന്നില്‍ കാലിടറിയാല്‍ മറ്റൊരു ടീമിന് ലോകകപ്പ് സെമിയിലേക്ക് ടിക്കറ്റ് ലഭിക്കും. പാക്കിസ്ഥാന്‍, ശ്രീലങ്ക ടീമുകളോടേറ്റ അപ്രതീക്ഷിത തോല്‍വിയാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. അഞ്ച് മത്സരങ്ങളില്‍ നിന്നും 9 പോയന്റുള്ള ഇന്ത്യയ്ക്ക് സെമിയിലേക്കുള്ള കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് പ്രതീക്ഷ.

4 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് ബാക്കിയുള്ളത്. വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകളില്‍ ഏതെങ്കിലും രണ്ടെണ്ണത്തിൽ ജയിച്ചാലും മതി ഇന്ത്യ സെമിയിലെത്തും. നിലവിലെ ഫോമിൽ ഇന്ത്യയ്ക്ക് ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ ജയിക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ. ഇംഗ്ലണ്ടിനെ അനായാസേന തോൽപ്പിക്കാൻ ഇന്ത്യയ്ക്കാകുമെന്നാണ് കരുതുന്നത്.

ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ രോഹിത് ശർമയും കോഹ്ലിയും കത്തിക്കയറിയാൽ തന്നെ ഇന്ത്യ സേഫ് ആണ്. അതേസമയം, ഓരോ ചെറിയ പിഴവിനും കനത്ത വിലയായിരിക്കും ടീമുകളെ കാത്തിരിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :