Last Updated:
ബുധന്‍, 29 മെയ് 2019 (15:29 IST)
ഏകദിന ലോകകപ്പിന് മണിമുഴങ്ങാന്‍ ദിവസങ്ങള്‍ മാത്രം, ക്രിക്കറ്റ് ലോകവും ടീമുകളും കിരീട പോരാട്ടത്തിനായള്ള കാത്തിരുപ്പിലാണ്. ആരാകും ഇത്തവണ ലോഡ്‌സില്‍ കപ്പുയുര്‍ത്തുക എന്നത് സസ്‌പെന്‍സ് നിറഞ്ഞ കാര്യമാണ്.
ആതിഥേയരായ ഇംഗ്ലണ്ടിനാണ് ക്രിക്കറ്റ് ലോകം സാധ്യതകള്‍ നല്‍കുന്നത്. ഇംഗ്ലീഷ് ടീം അല്ലെങ്കില്‍ മാത്രം വിരാട് കോഹ്‌ലിയും സംഘവും എന്നാണ് നിലവിലെ വിലയിരുത്തല്‍. ഡേവിഡ് വാര്‍ണറും സ്‌റ്റീവ് സ്‌മിത്തും അടങ്ങുന്ന
ഓസ്‌ട്രേലിയന്‍ ടീമും പ്രതീക്ഷകളുടെ നെറുകയിലാണ്.
ബാറ്റിംഗ് ഓര്‍ഡറിന്റെ കരുത്താണ് ഇംഗ്ലണ്ടിന്റെ വിജയങ്ങളില്‍ നിര്‍ണായകമാകുന്നത്. ജോണി ബെയർസ്റ്റോ,
ജേസൺ റോയ്, ജോ റൂട്ട്, മോയിൻ മോർഗൻ, ബെൻ സ്റ്റോക്സ്, ജോസ് ബട്‌ലർ, മൊയീൻ അലി എന്നിവരടങ്ങുന്ന നീണ്ട ബാറ്റിംഗ് നിര ഏത് ടീമിനെതിരെയും വന്‍ സ്‌കോര്‍ നേടാനും പിന്തുടര്‍ന്ന് ജയിക്കാനും ശേഷിയുള്ളവരാണ്.
ലോകകപ്പ് പ്രവചനങ്ങളില്‍ ഇന്ത്യന്‍ ടീമിനെ രണ്ടാം സ്ഥാനത്തേക്ക് മാറ്റി നിര്‍ത്തുന്നതും ഇംഗ്ലീഷ് ടീമിന്റെ ഈ കരുത്ത് തന്നെ. എന്നാല്‍, ഇംഗ്ലീഷ് മണ്ണിലെത്തുന്ന ടീമുകളില്‍ ആതിഥേയര്‍ക്കൊപ്പം ശക്തമായ ഏക ടീം കോഹ്‌ലിയുടേതാണെന്നതാണ് ശ്രദ്ധേയം.
ബെയർസ്റ്റോ, ജേസൺ റോയ് ഓപ്പണിംഗ് ജോഡിക്കൊപ്പം നില്‍ക്കുന്നതാണ് ശിഖര്‍ ധവാന്‍ രോഹിത് ശര്‍മ്മ സഖ്യം. ക്ലാസ് ബാറ്റ്‌സ്‌മാനായി റൂട്ടിനേക്കാള്‍ കേമനാണ് ക്ലാസും മാസും ചേരുന്ന വിരാടിന്റെ ബാറ്റിംഗ്. ബാറ്റിംഗിന് അനുകൂലമായ പിച്ച് കോഹ്‌ലിയിലെ റണ്‍ദാഹം ഇരട്ടിയാക്കുമെന്നതില്‍ സംശയമില്ല.
മോര്‍ഗനും ബട്‌ലറും വന്‍ ഷോട്ടുകളിലൂടെ അതിവേഗം സ്‌കോര്‍ ചെയ്യാന്‍ കേമന്മാരാണ്. ഇവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ കെ എല്‍ രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യന്‍ നിരയിലുണ്ട്. പവർ ഹിറ്റിങ്ങിൽ ആർക്കും പിന്നിലല്ലാത്ത പാണ്ഡ്യയുടെ ബാറ്റിംഗ് ശൈലിക്ക് അനുകൂലമാണ് നിലവിലെ ഇംഗ്ലീഷ് പിച്ചുകള്‍.
മത്സരം മാറ്റി മറിക്കാന്‍ ശേഷിയുള്ള സ്‌റ്റോക്‍സിനും മൊയീൻ അലിക്കും മഹേന്ദ്ര സിംഗ് ധോണിയിലൂടെ ഇന്ത്യ മറുപടി നല്‍കിയാല്‍ ഇംഗ്ലീഷ് നിര പിടിച്ചു നില്‍ക്കില്ല. രണ്ട് ഇംഗ്ലീഷ് താരങ്ങളും വന്‍ ഷോട്ടില്‍ മാത്രം ശ്രദ്ധയൂന്നുന്നവരാണ്. എന്നാല്‍, കളി വരുതിയിലാക്കാനും ഒറ്റ ഓവറില്‍ മത്സരം വഴി തിരിച്ചുവിടാനുമുള്ള ധോണിയുടെ മികവ് ഇംഗ്ലീഷ് ടീമില്‍ ആര്‍ക്കുമില്ല.
ഇവരെ കൂടാതെ കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, ഇംഗ്ലീഷ് പിച്ചുകളില്‍ മികച്ച റെക്കോര്‍ഡുകളുള്ള രവീന്ദ്ര ജഡേജയും കോഹ്‌ലിപ്പടയിലുണ്ട്. ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് നോക്കിയാല്‍ ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നീ പേസ് ത്രയവും, യുസ്‍വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ സ്‌പിന്‍ ത്രയവും ബോളിങ്ങിനെ അനുകൂലിക്കാത്ത പിച്ചുകളിൽപ്പോലും എതിരാളികളെ വീഴത്താൻ ശേഷിയുള്ളവരാണ്.