മുംബൈ|
Last Updated:
ചൊവ്വ, 16 ജൂലൈ 2019 (15:37 IST)
ലോകകപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായതോടെ ഇന്ത്യന്‍ ടീമിലെ സാഹചര്യങ്ങള്‍ അത്ര പന്തിയല്ല. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നു. ഇതിനു പിന്നാലെ, കോഹ്ലിക്കൊപ്പം നിലകൊള്ളുന്ന പരിശീലകന് രവി ശാസ്ത്രിയെ നിലനിര്‍ത്തണോ എന്ന കാര്യത്തില്‍ ബിസിസിഐയിലും ആശങ്ക.
ഈ സാഹചര്യത്തില്‍ പുതിയ പരിശീലക സംഘത്തെ കണ്ടെത്താന്‍ ബിസിസിഐ അപേക്ഷ ക്ഷണിച്ചു. ജൂലൈ 30വരെയാണ് അപേക്ഷ അയക്കാനുള്ള അവസാന തിയതി. പുതിയ അപേക്ഷ ക്ഷണിക്കുമ്പോള്‍ അതിനൊപ്പം ശാസ്ത്രിക്കും അപേക്ഷിക്കാം എന്നാണ് ബിസിസിഐ നിലപാട്.
പ്രധാന പരിശീലകന്, ബോളിംഗ് പരിശീലകന്, ബാറ്റിങ് പരിശീലകന്, ഫീല്‍ഡിംഗ് പരിശീലകന്, ഫിസിയോ, സ്ട്രങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച്, അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
നിലവിലെ ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗര്‍, ഫീല്‍ഡിംഗ് കോച്ച് ആര് ശ്രീധര്‍ എന്നിവര്‍ക്ക് ടീമിനൊപ്പം തുടരണമെങ്കില്‍ അപേക്ഷ അയച്ച് തിരഞ്ഞെടുക്കപ്പെടണം. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നുമാകും പുതിയ പരിശീലക സംഘത്തെ തിരഞ്ഞെടുക്കുക. അവിടെ മികച്ച അപേക്ഷകള്‍ വന്നാല്‍ ശാസ്ത്രിയടക്കമുള്ള നിലവിലെ സംഘം പുറത്താകും.
ലോകകപ്പിന് പിന്നാലെ നിലവിലെ പരിശീലക സംഘത്തിന്റെ കാലാവധി 45 ദിവസത്തേക്ക് നീട്ടിയിരുന്നു. ആഗസ്റ്റ് മൂന്ന് മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെയുള്ള വെസ്റ്റ് ഇന്‍ഡീസ് പര്യടനം മുന്നില്‍ കണ്ടായിരുന്നു ഈ തീരുമാനം. പിന്നീട് ഇന്ത്യ കളിക്കേണ്ടത് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ്.
പുതിയതായി നിയമിക്കപ്പെടുന്ന പരിശീലക സംഘത്തിന് കീഴിലാവും ഇന്ത്യ പ്രോട്ടീസിനെതിരെ കളിക്കുക.
2017ല്‍ അനില്‍ കുംബ്ലെയെ പുറത്താക്കി ശാസ്ത്രിയെ പരിശീലകനാക്കാനുള്ള നീക്കത്തിന് ടീമില്‍ ചരട് വലി നടത്തിയത് കോഹ്ലിയാണ്. പുതിയ സാഹചര്യത്തില്‍ ഈ പിന്തുണ ശാസ്ത്രിക്ക് ലഭിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. അതേസമയം, രോഹിത്തിനൊപ്പം നില്ക്കുന്ന താരങ്ങള്‍ ശാസ്ത്രിക്ക് എതിരെയാണ് നിലകൊള്ളുന്നതെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ പരിശീലക സംഘത്തെ നീക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത് ഈ വിഭാഗമാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.