ക്രൈസ്റ്റ് ചര്‍ച്ച്|
Last Modified തിങ്കള്‍, 28 ഡിസംബര്‍ 2015 (10:30 IST)
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനം ഓര്‍മ്മകളുടെ അവസാന അടരുകളില്‍ നിന്നുപോലും മായ്ച്ചുകളയാനായിരിക്കും ശ്രീലങ്കന്‍ കളിക്കാരും ആരാധകരും ഇഷ്ടപ്പെടുക. അത്രയും മോശമായ ഒരു പരാജയമായിരുന്നു ആതിഥേയരോട്
ശ്രീലങ്ക ഏറ്റുവാങ്ങിയത്. കളിക്കാര്‍ കളിമറന്നപ്പോള്‍ ന്യൂസിലന്‍ഡിന്‍റെ ഗുപ്തില്‍ സംഹാരതാണ്ഡവമാടി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വെറും 27.4 ഓവറുകളില്‍ കൂടാരം കയറി. 117 റണ്‍സായിരുന്നു അവരുടെ സമ്പാദ്യം. ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരെ പഞ്ഞിക്കിട്ടത് മാറ്റ് ഹെന്‍ട്രിയും മിച്ചല്‍ മക്‍ക്ലെനഗനും ചേര്‍ന്നാണ്. ഹെന്‍ട്രി നാലുവിക്കറ്റും മക്‍ക്ലെനഗന്‍ മൂന്നു വിക്കറ്റും നേടി.
ശ്രീലങ്കന്‍ നിരയില്‍ 19 റണ്‍സെടുത്ത കുലശേഖരയാണ് ടോപ് സ്കോറര്‍. ഏഞ്ചലോ മാത്യൂസും ഗുണതിലകയും 17 റണ്‍സ് വീതം സ്കോര്‍ ചെയ്തു.
118 റണ്‍സ് വിജയലക്‍ഷ്യവുമായിറങ്ങിയ ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍മാരായ മാര്‍ട്ടിന്‍ ഗുപ്തില്‍ ഭൂതം ആവേശിച്ചവനെപ്പോലെയാണ് ബാറ്റ് വീശിയത്. 30 പന്തുകളില്‍ നിന്ന് പുറത്താകാതെ 93 റണ്‍സായിരുന്നു ഗുപ്തിലിന്‍റെ സമ്പാദ്യം. ഒപ്പമിറങ്ങിയ ടോം ലാതം 17 റണ്‍സുമായി കാഴ്ചക്കാരനായി. ഫലം വിക്കറ്റ് പോകാതെ വെറും 8.2 ഓവറില്‍ 118 റണ്‍സ്!
ഒമ്പത് ബൌണ്ടറികളും എട്ട് പടുകൂറ്റന്‍ സിക്സറുകളും അടങ്ങുന്നതായിരുന്നു ഗുപ്തിലിന്‍റെ ഇന്നിംഗ്സ്. ലങ്കന്‍ ബൌളിംഗ് നിരയില്‍ തല്ലുവാങ്ങി മടുത്തത് ദുഷ്‌മന്ത ചമീരയും ജെഫ്രി വാന്‍ഡര്‍സേയുമാണ്. രണ്ട് ഓവറുകള്‍ വീതമെറിഞ്ഞ ഇവര്‍ യഥാക്രമം 41ഉം 34ഉം റണ്‍സ് വഴങ്ങി.